ആലുവ: നിർദ്ധനർക്ക് സൗജന്യമായി മരുന്നുകൾ നൽകുന്നതിനായി ആലുവ കോറ ആവിഷ്കരിച്ച മെഡിസിൻ ബാങ്ക് ഇന്നാം നാലാം വാർഷികം ആഘോഷിക്കും. ഇതോടനുബന്ധിച്ച് തോട്ടക്കാട്ടുകര ജംഗ്ഷനിൽ 48 -ാമത്തെ മെഡിസിൻ കളക്ഷൻ ബോക്‌സ് സ്ഥാപിക്കും.
രാവിലെ 10.30ന് ആലുവ അർജുനാ ആരോമാറ്റിക് മാനേജിങ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്യും. ബ്രാഹ്മണ സഭ പ്രസിഡന്റ് ആർ.വി.ജി. പതി മരുന്നുകൾ കൈമാറും.ഇതുവരെയും ഏകദേശം 45 ലക്ഷം രൂപ വില മതിക്കുന്ന മരുന്നുകൾ ആലുവയിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകൾ വഴി ശേഖരിക്കുകയും ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്തിട്ടുമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വ്യക്തികൾക്ക് പുറമെ ക്ലിനിക്കുകൾക്കും, പാലിയേറ്റീവ് കെയർ സെന്ററുകൾക്കും, മെഡിക്കൽ ക്യാമ്പുകൾക്കും നൽകിയെന്ന് കോറാ പ്രസിഡന്റ് പി.എ. ഹംസക്കോയ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിലും കുറവുകളില്ലാതെ പെട്ടികളിൽ മരുന്നുകൾ നിറയുന്നെണ്ടെന്നും ഇവ ആവശ്യക്കാർക്ക് എത്തിക്കാൻ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോറാ സ്ഥാപക ചെയർമാൻ ഡോ. ടോണി ഫെർണാണ്ടസ്, സ്ഥാപക ജനറൽ സെക്രട്ടറി എം.എൻ. സത്യദേവൻ, ആലുവ ആക്ഷൻ ഫോഴ്‌സ് ഖജാൻജി എം. സുരേഷ് കുമാർ, ടി.കെ.ആർ.എ സെക്രട്ടറി ബാബു കൊല്ലംപറമ്പിൽ, ടി.കെ.ആർ.എ ലൈബ്രറി പ്രസിഡന്റ് ഡോ. കെ.കെ. റഷീദ്, ആലുവ പൗരാവകാശ സെക്രട്ടറി സാബു പരിയാരത്ത് എന്നിവർ പങ്കെടുക്കും.