ആലുവ: സ്വർണക്കടത്തുകാർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് രാവിലെ 11ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര ശൃംഖലയിൽ ആലുവ നിയോജക മണ്ഡലത്തിലെ പ്രവർത്തകർ അങ്കമാലി ടെൽക്ക് കവല മുതൽ കളമശേരി മുട്ടം വരെ അണിനിരക്കുമെന്ന് പ്രസിഡന്റ് എ. സെന്തിൽകുമാർ അറിയിച്ചു.
പാറശാല മുതൽ മഞ്ചേശ്വരം വരെ ഓരോ 50 മീറ്ററിലും അഞ്ച് പേർ വീതമുള്ള സംഘമാണ് ശൃംഖലയിൽ പങ്കെടുക്കുന്നത്. ടെൽക്ക് മുതൽ അത്താണി വരെ നെടുമ്പാശേരി പഞ്ചായത്ത്, തുടർന്ന് കോട്ടായി വരെ ശ്രീമൂലനഗരം പഞ്ചായത്ത്, തുടർന്ന് സെമിനാരിപ്പടി വരെ ചെങ്ങമനാട് പഞ്ചായത്ത്, തോട്ടക്കാട്ടുകര വരെ കാഞ്ഞൂർ പഞ്ചായത്ത്, പുളിഞ്ചോട് വരെ ആലുവ നഗരസഭ, ഗ്യാരേജ് വരെ കീഴ്മാട് പഞ്ചായത്ത്, അമ്പാട്ടുകാവ് വരെ എടത്തല പഞ്ചായത്ത്, മുട്ടം തൈക്കാവ് വരെ ചൂർണ്ണിക്കര പഞ്ചായത്ത് എന്നിങ്ങനെയാണ് സമരത്തിൽ അണിനിരക്കുന്നത്. എട്ട് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരും.
മധ്യമേഖല പ്രസിഡന്റ് എ.കെ. നസീർ, സംസ്ഥാന സമിതിയംഗം പി. കൃഷ്ണദാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എൻ. ഗോപി, ലതാ ഗംഗാധരൻ, സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുളത്തേരി, യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ്, ട്രേഡേഴ്സ് സെൽ ജില്ലാ കൺവീനർ ബാബു കരിയാട്, പി. ഹരിദാസ്, എ. സെന്തിൽകുമാർ, ഇ. സുമേഷ്, രമണൻ ചേലാക്കുന്ന് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.