വൈപ്പിൻ: മത്സ്യമേഖലയിൽ സർക്കാർ കൊണ്ടുവന്ന മത്സ്യവിപണന ഓർഡിനൻസിനെതിരെ മത്സ്യമേഖല സമരത്തിനൊരുങ്ങുന്നു. കെ.എഫ്.എം.ആർ. ആക്ടിൽ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുന്നതെന്ന് ജില്ലാ ബോട്ട് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. ബോട്ടുടമകളെയും തരകന്മാരെയും തൊഴിലാളികളെയും ഈ ഓർഡിനൻസ് ഹാനികരമായി ബാധിക്കും.
ഇന്ധന ചെലവുകൾ ദിനംപ്രതി ഉയരുന്നതും മത്സ്യലഭ്യതക്കുറവും കൊവിഡ് നിയന്ത്രണങ്ങളും മൂലം മത്സ്യമേഖല നഷ്ടത്തിലാണ്. രജിസ്‌ട്രേഷൻ ഇനത്തിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഇനത്തിലും സർക്കാർ നല്ലൊരു സംഖ്യ ഈടാക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്രയധികം ഫീസുകൾ ഈടാക്കുന്നില്ല. ഒരു പ്രാവശ്യത്തെ മത്സ്യബന്ധനത്തിന് രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ ബോട്ട് ഒന്നിന് ചെലവു വരുമെന്നും പലപ്പോഴും ബോട്ടുടമകൾക്ക് വൻ നഷ്ടം സംഭവിക്കുന്നുണ്ടെന്നും കോർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കൊച്ചിമുനമ്പം മേഖലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ നിരോധിക്കപ്പെട്ട ഡബിൾ നെറ്റ് ട്രോളിംഗ് നടത്തുന്നില്ല. ആരെങ്കിലും ഇത് ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുന്നുമുണ്ട്. എന്നാൽ കൊല്ലം മേഖലയിലെ ബോട്ടുകൾ ഡബിൾ നെറ്റ് ട്രോളിംഗ് നിർബാധം നടത്തുന്നുണ്ട്.

മാർച്ചും ധർണയും നാളെ

ഓർഡിനൻസിനെതിരെ നാളെ (തിങ്കൾ)​ രാവിലെ 10.30ന് വൈപ്പിൻ ഫിഷറീസ് സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ചെയർമാൻ കെ.കെ. പുഷ്‌കരൻ, ജനറൽ കൺവീനർ സേവ്യർ കളപ്പുരക്കൽ ട്രഷറർ കെ.ബി. കാസിം എന്നിവർ അറിയിച്ചു.