cochin-

കൊച്ചി: ''അന്താരാഷ്ട്ര നിലവാരത്തിലുള്ളൊരു കാൻസർ ചികിത്സാ കേന്ദ്രം കൊച്ചിയിലുണ്ടാവുക''. അതാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ ആഗ്രഹിച്ചത്. അങ്ങനെയാണ് രാജ്യത്ത് ആദ്യമായി പൊതുജനങ്ങളുടേയും മാദ്ധ്യമങ്ങളുടേയും വലിയ പരിശ്രമഫലമായി നാലുവർഷം മുമ്പ് കൊച്ചിൻ കാൻസർ സെന്റർ നിലവിൽ വന്നത്. പരിമിതികളേറെയുണ്ടെങ്കിലും വിജയപ്രതീക്ഷയോടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് ഇന്ന് ഈ സ്ഥാപനം. ചുരുങ്ങിയകാലം കൊണ്ട് നൂറുകണക്കിന് കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ നൽകാനായെന്ന ചാരിതാർത്ഥ്യത്തിലാണ് നാലാം പിറന്നാൾ ആഘോഷിക്കുന്നത്.

2016 നവംബർ 1ന് കളമശേരി മെഡിക്കൽ കോളേജിലെ ഒരു കെട്ടിടത്തിൽ ഒ.പി. വിഭാഗമായി തുടങ്ങിയ കേന്ദ്രം ചികിത്സ, ഗവേഷണം, പരിശീലനം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലാണ്.

കെട്ടിടത്തിന്റെ അഭാവത്തിലും കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കാനുള്ള പരിശ്രമത്തിൽ ജീവനക്കാർ കർമോത്സുകരാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ കാൻസർ സർജൻ ഡോ. മോനി കുര്യാക്കോസിന്റെ നേതൃത്വത്തിൽ സർജിക്കൽ ഓൻകോളജി, മെഡിക്കൽ ഓൻകോളജി, ഗൈനക് ഓൻകോളജി, റേഡിയോ തെറാപ്പി വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെ 80 ലേറെ ജീവനക്കാരുമുണ്ട്. പുതിയ ഓപ്പറേഷൻ തീയേറ്റർ സജ്ജമാകുന്നതുവരെ മെഡിക്കൽ കോളേജിലെ തീയേറ്റർ പ്രയോജനപ്പെടുത്തിയാണ് സർജറികൾ നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആധുനിക റേഡിയേഷൻ ചികിത്സയ്ക്കുള്ള നാല് ലിനാക് മെഷീനുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ ഓർഡർ നല്കിയിട്ടുണ്ട് എന്നും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ചെയർമാൻ ഡോ. എൻ.കെ. സനിൽകുമാർ പറഞ്ഞു.

സ്വന്തം ആസ്ഥാനം

390 കോടിരൂപ ചെലവിൽ സ്വന്തം ആസ്ഥാനമന്ദിരത്തിന്റെ നിർമാണം നടന്നുവരികയാണ്. അതോടൊപ്പം 8 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ മെഡിക്കൽ കോളേജ് സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതും കാൻസർ സെന്ററിനൊപ്പം പൂർത്തിയാകേണ്ടതുണ്ട്. രണ്ടു കേന്ദ്രങ്ങളും പരസ്പരപൂരകമായി പ്രവർത്തിക്കേണ്ടതാണ്. 700 കിടക്കകളും 14 ഓപ്പറേഷൻ തീയേറ്ററുമുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ

കാൻസർ സെന്ററും

എറണാകുളം മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത് കാൻസർ സെന്ററിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ഒ.പി,​ കീമോതെറാപ്പി വിഭാഗങ്ങൾ താത്ക്കാലികമായി ജനറൽ ആശുപത്രിയിലും സർജറി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലുമായത് രോഗികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.

അടിയന്തര ശ്രദ്ധയ്ക്ക്

1.മെ‌ഡിക്കൽ കോളേജ്, കാൻസർ സെന്ററുകളുടെ നിർമാണത്തിന് വേഗത പോര

2.സിവിൽ ജോലികൾ ഒഴികെയുള്ള പ്രവർത്തികൾക്ക് ആരോഗ്യവകുപ്പിന്റെ സാങ്കേതിക അനുമതി ഉടൻ നൽകണം.

3.പൂർത്തിയായി വരുന്ന കെട്ടിടങ്ങളിൽ ഹോസ്പിറ്റൽ ആർക്കിടെക്ട്, ഹോസ്പിറ്റൽ കൺസൽട്ടന്റ് എന്നിവരുടെ സേവനം ഉടൻ ലഭ്യമാക്കണം. ഓപ്പറേഷൻ തീയേറ്റർ ഉൾപ്പെടെ സജ്ജീകരിക്കുന്നതിന് ഇവരുടെ സാന്നിദ്ധ്യം അനിവാര്യം.

4.ഇരുസ്ഥാപനങ്ങളിലും ആവശ്യമായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിക്കണം

5.ഭാവിയിലെ ഗവേഷണ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് ഗവേഷണപരിചയവും അഭിരുചിയുമുള്ള ഡോക്ടർമാരെ മാത്രം നിയമിക്കുക.

5.എല്ലാ നിയമനങ്ങളും പി.എസ്.സി വഴി മാത്രം നടത്തുക