തൃപ്പൂണിത്തുറ: രാജ്യത്തിന്റെ ഏകീകരണത്തിന് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച മഹാനായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു സർദാർ വല്ലഭായിപട്ടേലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ യു.പി സ്‌കൂളിന്റെ സപ്തതിയാഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന് ആഹ്വാനം ചെയ്ത മഹാനായ യതിവര്യൻ ശ്രീ നാരായണ ഗുരുദേവന്റെ നിർദേശപ്രകാരം സ്ഥാപിക്കപ്പെട്ട ഈ സ്‌കൂൾ ഇന്ന് നാടിന്റെ അഭിമാനമാണ്. സംസ്ഥാാനത്തെ പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ട കാലമായി എന്ന് പറഞ്ഞിരുന്ന നാടാണിത്. ഇന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്താരാഷ്ട നിലവാരത്തിതിലേയ്ക്ക് ഉയർന്നു. അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പുതിയതായി നമ്മുടെ വിദ്യാലയങ്ങളിലേയ്ക്ക് കടന്നു വന്നെന്നും മന്ത്രി പറഞ്ഞു. സുവനീറിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ പി.വി സജീവ് അദ്ധ്യക്ഷത വഹിച്ചു.എം.സ്വരാജ് എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, എഴുത്തുകാരൻ കെ. എൽ മോഹന വർമ്മ, ചലച്ചിത്ര താരങ്ങളായ മനോജ് കെ.ജയൻ, റിച്ചാർഡ്,നന്ദനാവർമ്മ, എ.ഇ.ഒ അജിത് പ്രസാദ് തമ്പി, പി.ടി എ പ്രസിഡന്റ് കെ.ടി രാജേന്ദ്രൻ,ഹെഡ്മിസ്ട്രസ്് കെ.ആർ പ്രിയ, ഷീജ ടീച്ചർ എന്നിവർ സംസാരിച്ചു. ശേഷം ഓൺലൈൻ കലോത്സവും നടന്നു.