
കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരെ ജയിലിൽ ചോദ്യംചെയ്യാൻ അനുമതിതേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കോടതിയിൽ അപേക്ഷനൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മൂന്നുദിവസത്തേക്ക് ചോദ്യംചെയ്യാൻ അനുമതിതേടി അപേക്ഷ നൽകിയത്. തിങ്കളാഴ്ച പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നേരത്തെ ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ ഇ.ഡിക്ക് വിട്ടുകൊടുത്തിരുന്നു. ശിവശങ്കറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയടക്കമുള്ള പ്രതികളെ ചോദ്യംചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ലഭിച്ച തുകയടക്കമുള്ള കാര്യങ്ങളിൽ ശിവശങ്കർ നൽകിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കാനും പ്രതികളും ശിവശങ്കറും തമ്മിലുള്ള മറ്റിടപാടുകൾ കണ്ടെത്തുന്നതിനുമാണ് ഇവരെ ജയിലിൽ ചോദ്യംചെയ്യാൻ ഇ.ഡി തയ്യാറെടുക്കുന്നത്.