കൊച്ചി: സി.പി.എം നേതാവും എൽ.ഡി.എഫ് മുൻ സംസ്ഥാന കൺവീനറുമായിരുന്ന എം.എം. ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു. എറണാകുളം ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു എന്നിവർ ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മയക്കുമരുന്ന് ലോബിക്കുവേണ്ടി നിലകൊള്ളുന്നതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് അഡ്വ. എബ്രഹാം ലോറൻസ് പറഞ്ഞു. സി.എച്ച്. കണാരൻ മുതൽ കോടിയേരി വരെയുള്ള സംസ്ഥാന സെക്രട്ടറിമാരെ അറിയാം. എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയായ കാലംമുതൽ കോടിയേരിയോടൊപ്പമുണ്ടായിരുന്നു. അന്ന് അദ്ദേഹത്തെ നെഞ്ചിലേറ്റിയിരുന്നു. അത് മകന് മയക്കുമരുന്ന് കച്ചവടം ചെയ്യാൻ അവസരമൊരുക്കാനായിരുന്നില്ല. പാർട്ടി അംഗമായിരുന്ന താൻ ദേശീയതയിൽ വിശ്വസിക്കുന്ന ബി.ജെ.പിയിൽ ചേരാൻ പണ്ടേ തീരുമാനിച്ചിരുന്നു. അച്ഛനെ ഓർത്താണ് ഇത്രയും നീണ്ടുപോയത്. താൻ ഒരു ഹിന്ദു കൃസ്ത്യാനിയാണ്. ഒരുമിച്ച് ഒരുവീട്ടിൽ താമസിക്കുന്ന അച്ഛനോട് ബി.ജെ.പിയിൽ ചേരുന്ന കാര്യം സംസാരിച്ചിരുന്നില്ലെന്നും എബ്രഹാം ലോറൻസ് പറഞ്ഞു.