കൊച്ചി: കോർപ്പറേഷൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ 23 ഭവനങ്ങളുടെ താക്കോൽ ദാനചടങ്ങ് നാളെ രാവിലെ 11ന് എറണാകുളം ടൗൺഹാളിൽ നടത്തും.
നേവൽബേസിൽ വീട്ടുജോലിക്കാരായ 120-ഓളം കുടുംബങ്ങൾക്കുവേണ്ടി 2009-2010 കാലഘട്ടത്തിൽ വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ഇ.എം.എസ്. ഭവനപദ്ധതി പ്രകാരമുള്ള സബ്‌സിഡി തുക ഉപയോഗിച്ച് വാങ്ങിയ ഒന്നര ഏക്കറോളം സ്ഥലത്താണ് വീടുകൾ പൂർത്തിയാക്കിയത്. 2018 ൽ ലൈഫ് ഭവന പദ്ധതി ഗൈഡ് ലൈനിൽ നഗരത്തിലെ ഗുണഭോക്താക്കൾക്ക് പഞ്ചായത്തിലാണ് സ്ഥലമെങ്കിൽ ഭവനത്തിനുള്ള തുക അനുവദിക്കുന്നതിന് തടസമാവില്ലെന്ന് ഉത്തരവുണ്ടായി. അതനുസരിച്ച് വേങ്ങൂരിൽ വാങ്ങിയസ്ഥലത്ത് ഭവനം നിർമ്മിക്കുന്നതിന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി തുക അനുവദിച്ചു. ആകെ 63 പേരാണ് കരാർവച്ച് തുക കൈപ്പറ്റിയത്. ഇതിൽ 23 ഗുണഭോക്താക്കളുടെ ഭവനനിർമ്മാണം പൂർത്തിയായി. 2018 ൽ അന്നത്തെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, വേങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി എം.എ. എന്നിവർ സംയുക്തമായി നിർമ്മാണോദ്ഘടനം നിർവഹിച്ച പദ്ധതിയാണിത്. രണ്ട് മുറി. അടുക്കള, ഹാൾ എന്നിവ ഉൾപ്പെടെ 420 സ്‌ക്വയർഫീറ്റ് ൽ ലൈഫ് പ്ലാൻ പ്രകാരമാണ് വീട് നിർമ്മിച്ചിട്ടുള്ളത്. 2 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.