കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് വക അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആനയുടെ ആരോഗ്യപ്രശ്‌നങ്ങൾ ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദഗ്ദ്ധപരിചരണം നൽകാൻ നിർദേശം നൽകിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു പറഞ്ഞു. ബോർഡിന്റെ ഡോക്ടർമാർ ആനയെ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ബോർഡിന്റെ അഭ്യർത്ഥനയെ തുടർന്ന് വനംവകുപ്പിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ മൂന്നാംതീയതി ആനയെ പരിശോധിക്കും. ചങ്ങലമാറ്റി കെട്ടുന്നതിനുള്ള നടപടി ചൊവ്വാഴ്ച ഉണ്ടാകും. ആനയുടെ ആരോഗ്യം സംബന്ധിച്ച് അതിശയോക്തിപരമായ ചില പ്രചരണങ്ങൾ ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ബോർഡിന്റെ ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് വിശദീകരണം.