കൊച്ചി: സ്റ്റേഷനുകൾക്ക് സമീപത്തെ പാർക്കിംഗ് ഫീസിൽ ഇളവുമായി കൊച്ചി മെട്രോ. പുതുക്കിയ നിരക്ക് ഞായറാഴ്ച മുതൽ നിലവിൽ വരും. ദിവസവുമുള്ള ഉപയോക്താക്കൾക്ക് വേണ്ടി പ്രതിമാസ പാസും ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾക്ക് ആയിരം രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 380 രൂപയുമാണ് ഈടാക്കുക. ഇത് പ്രകാരം ഒരു ദിവസം 10 മണിക്കൂർ വരെ വാഹനം പാർക്ക് ചെയ്യാം.
ഞായറാഴ്ച മുതൽ കാറുകൾക്ക് ആദ്യ രണ്ട് മണിക്കൂർ പാർക്കിംഗിന് 20 രൂപയായിരിക്കും ചാർജ്. തുടർന്നുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയെന്നുള്ളത് അഞ്ച് രൂപയാക്കി കുറച്ചു. 60 രൂപ അടച്ചാൽ 12 മണിക്കൂർ വരെയും 100 രൂപക്ക് 24 മണിക്കൂർ വരെയും കാറുകൾ പാർക്ക് ചെയ്യാം. ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയായിരിക്കും ആദ്യ രണ്ട് മണിക്കൂർ നേരത്തേക്കുള്ള ഫീസ്. തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയെന്നുള്ളത് രണ്ട് രൂപയാക്കി കുറച്ചു. 12 മണിക്കൂർ ബൈക്ക് പാർക്ക് ചെയ്യുന്നതിന് 25 രൂപയും 24 മണിക്കൂർ നേരത്തേക്ക് 40 രൂപയുമാണ് പുതിയ ഫീസ്.