പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ മുഴുവൻ കാർഡുടമകൾക്കും സബ്‌സിഡിയോടെ ഭക്ഷ്യസാമഗ്രികൾ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി ഭരണപക്ഷം. നിലവിൽ ഭരണസമിതിയുടെ കാലാവധി രണ്ടാഴ്ച്ചയ്ക്കുളളിൽ തീരുമെങ്കിലും സർക്കാരിന്റെ അനുമതിക്കായി നൽകിയിരിക്കുകയാണ്.
വെങ്ങോല ഗ്രാമ പഞ്ചായത്തിൽ കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഫലമായി തൊഴിൽ മേഖല നിശ്ചലമാകുകയും കാർഷിക മേഖലയിൽ പണിയെടുക്കുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാസത്തിൽ ഒരുതവണ വിതരണം നടത്തുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ആരംഭിക്കുവാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ, വൈസ് പ്രസിഡന്റ് എൽദോ മോസസ് എന്നിവർ പറഞ്ഞു. 25 ൽ പരം ഭക്ഷ്യ വസ്തുക്കൾ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്‌സിഡി നിരക്കിലാണ് നൽകുന്നത്. പഞ്ചായത്തിലെ 18218 റേഷൻ കാർഡ് ഉടമകൾക്കും പ്രയോജനം ലഭിക്കുന്ന പ്രോജക്ടാണ് നടപ്പിലാക്കുന്നത്. 50 ലക്ഷം രൂപ അടങ്കലുള്ള പ്രോജക്ടായ ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന് പ്രാഥമിക അംഗീകാരം നൽകിയിട്ടുണ്ട്. അന്തിമ അംഗീകാരത്തിനായി പദ്ധതി സംസ്ഥാനതല കോഓർഡിനേറ്റർ സമിതിക്ക് സമർപ്പിച്ചു. പഞ്ചായത്തിന്റെ തനത് വരുമാനവും, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സാമൂഹ്യ ഉത്തരവാദിത്വത്തിനായി മാറ്റിവക്കുന്ന സിഎസ്ആർ ഫണ്ടും, പ്രവാസി സ്വദേശി വ്യക്തികളുടെ സംഭാവനകളും ചേർത്ത് ഒരു വർഷത്തിൽ 5 കോടി രൂപയുടെ സബ്‌സിഡി നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൽ പഞ്ചായത്തിൽ ഒരു വിപണന കേന്ദ്രവും സർക്കാർ അനുമതി ലഭിച്ചാൽ കൂടുതൽ വിപണന കേന്ദ്രങ്ങളും ആരംഭിച്ച് വെങ്ങോല പ്രദേശത്ത് ഈ ഭരണ സമിതിയുടെ ഭക്ഷ്യസുരക്ഷാ നയം നടപ്പിലാക്കുമെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.