 
പെരുമ്പാവൂർ: വധഭീഷണിയെ തുടർന്ന് റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയ പ്ലൈവുഡ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമം.കുറുപ്പുംപടി ചെറുകുന്നത് പ്ലൈവുഡ് കമ്പനി നടത്തുന്ന മുടിക്കൽ മടത്താട്ട് ജെമീറിനാണ് മർദനമേറ്റത്. റൂറൽ എസ്.പി.കെ.കാർത്തികിന്റെ നിർദ്ദേശപ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചതായി കുറുപ്പുംപടി സി.ഐ.കെ.ആർ.മനോജ് പറഞ്ഞു.
വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിയോടെ ചെറുകുന്നത്തിന് സമീപമാണ് സംഭവം. ജെമീർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെരുമ്പാവൂർ വല്ലത്തുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലെത്തിച്ചായിരുന്നു മർദനം.സഹോദരനുമായി സാമ്പത്തിക ഇടപാടുള്ള ആളുകളുടെ നിർദ്ദേശപ്രകാരമാണ് തട്ടിക്കൊണ്ടു പോയതെന്ന് ജെമീർ പരാതിയിൽ പറയുന്നു.
ഗോഡൗണിലെത്തിച്ച സംഘം മർദ്ദനത്തിനിടയിൽ ജെമീറിൽ നിന്നും ചെക്കുകളിലും മുദ്രപത്രങ്ങളിലും ബലമായി ഒപ്പിട്ട് വാങ്ങുകയും ചെയ്തു.മകനും കൂട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകിട്ട് 6 മണിയോടെയാണ് വല്ലത്തെ ഗോഡൗണിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പൊലീസെത്തിയാണ് ജെമീറിനെ മോചിപ്പിച്ചത്.പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.