
കൊച്ചി: സ്വകാര്യവ്യക്തി കൈയേറിയ കായൽ ഭൂമി നിയമപോരാട്ടത്തിലൂടെ ഏറ്റെടുത്ത് കായലോര നടപ്പാത നിർമ്മിച്ചു. കോന്തുരുത്തി കായലോരമാണ് മനോഹരമാക്കിയത്. വർഷങ്ങളായി ഈ ഭൂമി സമീപത്തെ സ്വകാര്യവ്യക്തി അനധികൃതമായി കൈയേറി സ്വന്തമാക്കിയിരുന്നു. ഇത് എന്തുവിലകൊടുത്തും തിരിച്ചുപിടിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ വികസനപ്രവർത്തനം നടത്തണമെന്ന നിശ്ചയദാർഢ്യത്തോടെ കോന്തുരുത്തി കൗൺസിലർ പീറ്റർ രംഗത്തിറങ്ങുകയായിരുന്നു.
ആദ്യതവണ കൗൺസിലർ ആയപ്പോൾ തന്നെ ഈ പോരാട്ടം അദ്ദേഹം ആരംഭിച്ചു. സ്വന്തമായി അഭിഭാഷകനെ വച്ച് നീണ്ട 12 വർഷം ഈ ഭൂമിക്കായി പീറ്റർ പേരാടി. ഒടുവിൽ മുൻസിഫ് കോടതിയും തുടർന്ന് ജില്ല കോടതിയും കോർപ്പറേഷന് അനുകൂലമായി വിധിച്ചു. പകുതിയോളം ഭൂമി ഇപ്പോൾ വിട്ടുകിട്ടി. അവശേഷിക്കുന്ന ഭൂമിക്കായി നിയമനടപടികൾ തുടരുകയാണ്. ലഭിച്ച ഭൂമി ഏറ്റെടുത്താണ് കായലോര നടപ്പാത നിർമ്മിച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ഇതിലേക്കായി ചെലവിട്ടതായി പീറ്റർ പറഞ്ഞു.
കോന്തുരുത്തി മേഖലയിൽ ആളുകളുടെ ഉല്ലാസത്തിനും ഒത്തുചേരലിനും കോർപ്പറേഷന് പ്രത്യേക സ്ഥമില്ലായിരുന്നു. മൂന്ന് വശവും കായലാൽ ചുറ്റപ്പെട്ട മനോഹര സ്ഥലമായതിനാൽ മറ്റ് നാട്ടുകാരും ഇവിടെ കാഴ്ചകൾ കാണാൻ എത്തുമായിരുന്നു. കായലിന്റെ സംരക്ഷണഭിത്തി ഒരു വർഷംമുമ്പ് ഇടിഞ്ഞുവീണത് പുനർനിർമിച്ചു. ടൈൽപാകി നടപ്പാത മനോഹരമാക്കി. കായൽ കാഴ്ചകൾ കാണാൻ ഇരിപ്പിടങ്ങളും നിർമ്മിച്ചു.
200 ഓളം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.