
പറവൂർ: സഹോദരനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവതി കാറിടിച്ച് മരിച്ചു. നീണ്ടൂർ പൗരസമിതി റോഡിൽ കൈതക്കൽ അനൂപിന്റെ ഭാര്യ അൻസമോളാണ് (31) മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കൊടുങ്ങല്ലൂർ ദേശീയപാത ബൈപ്പാസിലാണ് സംഭവം. മാമ്പ്രയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത് അഞ്ചപ്പാലത്തെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. മൂത്തകുന്നം ഭാഗത്ത് നിന്നും വന്ന കാറാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഭർത്താവ് മറ്റു കുടുംബാംഗങ്ങളുമായി തൊട്ടുപിന്നിൽ കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻസയുടെ ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ സഹോദരൻ അജ്മലിനെ (19) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമിൻ റഹ്മാൻ, അഫ്നാസ് റഹ്മാൻ എന്നിവർ മക്കളാണ്. അൻസയുടെ മൃതദേഹം കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഫ്രീസറിൽ സൂക്ഷിച്ചിരിക്കയാണ്. അഞ്ചപ്പാലം കുര്യാപ്പിളളി വീട്ടിൽ ഉമ്മർ - നസീമ ദമ്പതികളുടെ മകളാണ്. വിദേശത്തുള്ള പിതാവ് ഇന്ന് നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും.