കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഘടകകക്ഷികളുമായി സീറ്റ് ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്. ജില്ലാ തലത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ 2,3 തീയതികളിലായി പൂർത്തിയാക്കും. പഞ്ചായത്ത് തലത്തിലുള്ള സീറ്റ് വിഭജന ധാരണകൾ അഞ്ചിന് മുമ്പ് പൂർത്തിയാക്കാനും ഡി.സി.സിയിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സീറ്റ് വിഭജനത്തിൽ കഴിയുന്നത്ര തത്‌സ്ഥിതി തുടരാനാണ് തീരുമാനം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിലേക്ക് വന്ന കക്ഷികൾക്ക് അർഹമായ പരിഗണന നൽകാനും യോഗം തീരുമാനിച്ചു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുസ്ളിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി വി.ഇ . അബ്ദുൽ ഗഫൂർ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, എൻ.വേണുഗോപാൽ, ഇ.എം. മൈക്കിൾ, പി.രാജേഷ്, ടി.ആർ . ദേവൻ, ജോർജ് സ്റ്റീഫൻ, ഡൊമിനിക് കാവുങ്കൽ എന്നിവർ പങ്കെടുത്തു.