
തിരുവനന്തപുരം: പാമ്പുപിടിത്തത്തിന് പ്രത്യേക മാർഗരേഖയും പരിശീലനവും ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. വന്യജീവി വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുന്നതിനായുള്ളതാണ് മാർഗരേഖ. കാട്ടുപന്നികൾ വ്യാപകകൃഷിനാശം വരുത്തുന്ന സാഹചര്യത്തിൽ അവയെ വെടിവയ്ക്കാനുള്ള ഉത്തരവു നൽകിയതായും മന്ത്രി പറഞ്ഞു.
മുഖ്യ വനംമേധാവി പി.കെ. കേശവൻ അദ്ധ്യക്ഷത വഹിച്ചു. വെൽഡ് ലൈഫ് ട്രസ്റ്റ് എ.പി.സി ഒഫ് ഇന്ത്യ ഡയറക്ടർ വിവേക് മേനോൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, പി.സി.സി.എഫുമാരായ ബെന്നിച്ചൻ തോമസ്, ദേവേന്ദ്രകുമാർ വർമ്മ, സി.സി.എഫ് അനൂപ് കെ.ആർ തുടങ്ങിയവർ സംസാരിച്ചു.