stock-market

കൊച്ചി: കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യൻ ഓഹരി വിപണികളിൽ നടന്നത് 'വി" മാതൃകയിലുള്ള വീണ്ടെടുപ്പാണ്. 52 ആഴ്‌ചകളിലെ വീഴ്ചയ്ക്ക് ശേഷം നിഫ്‌റ്റി 50 ഓഹരികൾ 57 ശതമാനവും നിഫ്‌റ്റി മിഡ്‌കാപ് 63 ശതമാനവും സ്മാൾകാപ് 90 ശതമാനവും കുതിപ്പ് ഈയിടെ രേഖപ്പെടുത്തി. കൊവിഡിന് മുമ്പത്തേക്കാൾ വിലനിലവാരം ഉയർന്നെങ്കിലും സമ്പദ്‌സ്ഥിതിയും ലാഭപ്രതീക്ഷയും പ്രതികൂലമാണ്.

അടുത്ത 6-9മാസം ഈ പ്രതികൂല സാഹചര്യം തുടർന്നേക്കാം. തിരുത്തൽ ആവശ്യമായിരുന്നുവെന്ന് കഴിഞ്ഞ ഒരുമാസത്തെ ചാഞ്ചാട്ടം വ്യക്തമാക്കുന്നു. പതനത്തിൽ നാം ആശങ്കപ്പെടേണ്ടതില്ല. ഉത്തേജക നടപടികളുണ്ടായാൽ കാര്യങ്ങൾ മാറും. കൊവിഡ് ഭീതി കുറഞ്ഞാൽ ഇതിന്റെ ഗതിവേഗം വർദ്ധിക്കുകയും ചെയ്യും.

പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് സാമ്പത്തിക മേഖല. വാക്‌സിൻ ലഭ്യമാകാൻ 12 മാസം വരെ സമയമെടുത്തേക്കുമെങ്കിലും,​ വെല്ലുവിളികളെ അതിജീവിച്ച് കാര്യങ്ങൾ വരും മാസങ്ങളിൽ മെച്ചപ്പെട്ടേക്കും.

പതുക്കെയാണെങ്കിലും 2020 ജൂൺപാദത്തെ അപേക്ഷിച്ച് സാമ്പത്തികമേഖല വളരുകയാണ്. സമ്പദ്‌രംഗത്ത് ആത്മവിശ്വാസം നിലനിറുത്താനും സമ്പദ്‌ഭദ്രത ഉറപ്പാക്കാനും ധനനഷ്‌ടം ഒഴിവാക്കാനും ഉത്തേജക പാക്കേജുകൾ അനിവാര്യമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഉത്തേജക നടപടികളുടെ രണ്ടാംഘട്ടം അമേരിക്കയിൽ പ്രതീക്ഷിക്കാം. എന്നാൽ,​ അതുവരെ തളരാതെ പിടിച്ചുനിൽക്കുകയെന്ന ദൗത്യം വിപണിക്കുണ്ട്.

കഴിഞ്ഞവാരം നിഫ്‌റ്റി 50ൽ 3.8 ശതമാനം തിരുത്തൽ ഉണ്ടായി. ഇതു പ്രതീക്ഷിച്ചതാണ്. ആഗോളതലത്തിലെ ചാഞ്ചാട്ടവും വൻകിട ഇന്ത്യൻ കമ്പനികളുടെ നിറംമങ്ങലും കാരണമാണ്. വിപണി റെക്കാഡ് ഉയരത്തിന് അടുത്തെത്തിയെങ്കിലും 2020ൽ കോർപ്പറേറ്റ് ലാഭം കുറഞ്ഞ നിരക്കിലായിരിക്കും. 2021ൽ സ്ഥിതി കൂടുതൽ വഷളായേക്കും.

വില കൊവിഡിന് മുമ്പത്തേക്കാൾ ഉയരുകയും പണമൊഴുക്ക് വർദ്ധിക്കുകയും ചെയ്‌തു. കഴിഞ്ഞ നാലുമാസത്തിനിടയിലെ പ്രാരംഭ ഇടപാട് മൂല്യം മാത്രം 1.20 ലക്ഷം കോടി രൂപയാണ്. സെക്കൻഡറി വിപണിയേക്കാൾ ആകർഷകമായി പ്രാഥമിക വിപണി. ഇതു പ്രാഥമിക വിപണിയിലേക്ക് കൂടുതൽ പണമൊഴുക്ക് സൃഷ്‌ടിക്കും. അതേസമയം,​ ആഗോള ചാഞ്ചാട്ടം മൂലം വിദേശ നിക്ഷേപത്തിൽ ഉണർവില്ല.

നിഫ്‌റ്റി 50ന് 10,​300നും 10,​500നും ഇടയിൽ ശക്തമായ പിന്തുണ വരുംദിനങ്ങളിൽ ലഭിച്ചേക്കും. ഫാർമ,​ ഐ.ടി.,​ എഫ്.എം.സി.ജി.,​ കെമിക്കൽ,​ ടെലികോം എന്നിവ മികവ് പുലർത്തും. അടുത്ത രണ്ടുമൂന്നു മാസത്തേക്കുള്ള മികച്ച തന്ത്രം ഓഹരികൾ കൂട്ടിവയ്ക്കലാണ്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)​