
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നരുവാമൂട് മേഖല വില്ലാംകോട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി കാർത്തിക ഭവനിൽ അനന്തുവിനെ (27) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നേമം പൊലീസ് പിടികൂടി. പാമാംകോട് കറുപ്പുംമൂല പുത്തൻവീട്ടിൽ നിധിനാണ് (20) പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ അനന്തു മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അനന്തു നിധിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ വിരോധത്തിലാണ് നിധിൻ അനന്തുവിനെ കുത്തിപ്പരിക്കേല്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന നിധിനെ കൺട്രോൾ റൂം എ.സി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം നേമം സി.ഐ അനൂപ് കൃഷ്ണ, എസ്.ഐമാരായ ദീപു, സുരേഷ് കുമാർ, എ.എസ്.ഐ അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.