
നാഗർകോവിൽ: കളിയിക്കാവിളയിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. മൂന്നു പേർ ഓടി രക്ഷപ്പെട്ടു. കളിയിക്കാവിള സ്വദേശി അൻവർ (38) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. തക്കല ഡി.എസ്.പി രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പിടിയിലായ പ്രതിയെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ചു. പുകയില ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്താൻ വേണ്ടിയാണ് സൂക്ഷിച്ചിരുന്നതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു. മറ്റു മൂന്ന് പേർക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.