football

തിരുവനന്തപുരം: ഇരുപത്തിനാല് രാജ്യങ്ങൾ പങ്കെടുക്കുന്ന 2027ലെ ഏഷ്യൻ കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ കേരളം അറിയിച്ചു. തിരുവനന്തപുരവും കൊച്ചിയും പരിഗണിക്കാനാണ് നിർദേശം. ഒരു നഗരത്തിന് മാത്രമേ അനുമതി ലഭിക്കൂ. ഇറാൻ,ഖത്തർ, ഉസ്ബകിസ്ഥാൻ, സൗദിഅറേബ്യ എന്നീ രാജ്യങ്ങളും ആതിഥേയരാകാൻ രംഗത്തുണ്ട്.

ദേശീയ ഫെഡറേഷനുകൾ അപേക്ഷ നൽകിയാലും സംസ്ഥാന സർക്കാരുകൾ ഒൗദ്യോഗിക കത്ത് നൽകണമെന്നാണ് മാനദണ്ഡം. ഇപ്രകാരമാണ് കേരളം സമ്മതപത്രം സമർപ്പിച്ചത്.

സൗകര്യങ്ങളുടെ പട്ടിക ദേശീയ അസോസിയേഷനുകൾ ഈ മാസം 30നകം ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന് സമർപ്പിക്കണം. അടുത്ത വർഷം ജനുവരിയിൽ വേദിയുടെ പ്രഖ്യാപനം നടക്കും. ഇതുവരെ ഇന്ത്യ വേദിയായിട്ടില്ല.