
കിളിമാനൂർ:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന വൻസംഘം ആറ്റിങ്ങൽ ആലംകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി എക്സൈസ് വകുപ്പ് സംശയിക്കുന്നു. ഒന്നര മാസത്തിനിടെ മൂന്നാം തവണയും കോടികളുടെ ലഹരിക്കടത്ത് ഈ മേഖലയിൽ പിടികൂടിയതോടെയാണ് അധികൃതർ അന്വേഷണം ഊർജിതമാക്കിയത്.
ആറ്റിങ്ങൽ മേഖലയിൽ ഒന്നര മാസത്തിനിടെ പിടിച്ചെടുത്തത് 642 കിലോ കഞ്ചാവാണ്. ആലംകോട് നിന്നു 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ എൻജിനിയർ ഉൾപ്പെടെ 4 പേർ അറസ്റ്റിലായത് ആഗസ്റ്റിലാണ്. കഴിഞ്ഞ മാസം കോരാണിയിൽ നിന്ന് പിടികൂടിയത് 20 കോടിയുടെ കഞ്ചാവാണ്. കഴിഞ്ഞ ദിവസം രാവിലെ ദേശീയ പാതയിൽ നിന്ന് സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന ആലംകോട് - കിളിമാനൂർ റോഡിൽ നഗരൂരിന് സമീപം വെള്ളംകൊള്ളിയിൽ വച്ച് പിടിച്ചത് അന്താരാഷ്ട്ര വിപണിയിൽ 4 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളാണ്.
100 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലുമാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആറ്റിങ്ങലിൽ നിന്നും പിടികൂടിയത്. ലഹരി കടത്തിക്കൊണ്ടു വന്ന ബൊലേറോ പിക്കപ്പും, ഇതിൽ നിന്ന് മറ്റിടങ്ങളിലേക്ക് ലഹരിമരുന്ന് കൊണ്ടുപോകാൻ റെഡിയാക്കി നിറുത്തിയിരുന്ന എയ്സ് വാഹനവും പിടികൂടി. പ്രതികളായ മേലാറ്റിങ്ങൽ ശങ്കരമംഗലം ശിവക്ഷേത്രത്തിന് സമീപം സലിം മന്ദിരത്തിൽ എസ്. റിയാസ് (35), മണമ്പൂർ കാറ്റാടി മൂട് മുഹബത്ത് വീട്ടിൽ ജസീൽ (30), കോന്നി ഐരവൺ കുമണ്ണൂർ വീട്ടിൽ എ.നിയാസ് (25), ചാവക്കാട് പാവറട്ടി തിരുത്തിക്കാട് വിട്ടിൽ എ.ഫൈസൽ എന്നിവരെ റിമാന്റ് ചെയ്തു.
ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങിയത്. റോഡ് മാർഗം കോയമ്പത്തൂരിൽ എത്തിച്ചശേഷം അവിടെ നിന്നും കോഴികളെ കൊണ്ട് വരുന്നെന്ന വ്യാജേന ദേശീയ പാതയിലൂടെ ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നഗരൂർ സ്വദേശികളായ പ്രതികളുടെ രഹസ്യ കേന്ദ്രത്തിൽ ലഹരി മരുന്ന് എത്തിച്ച് ഇവിടെ റെഡിയാക്കി നിറുത്തിയിരുന്ന വാഹനത്തിൽ തൃശൂരിലേക്കും, കോന്നിയിലേക്കും കൊണ്ടുപോകാനായിരുന്നു പ്ലാൻ. മാസത്തിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ സാധനം രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിക്കുന്ന ടീമാണ് ഇതെന്ന് എക്സൈസ് പറയുന്നു.