
തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ ആയുർവേദത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിന് അനുസൃതമായി സംസ്ഥാന സർക്കാർ നടപടികൾ കൈക്കൊള്ളണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കേരള ഘടകം ആവശ്യപ്പെട്ടു.
ആയുർവേദത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളിൽ ഉൾപ്പെടുത്തി ഒരാഴ്ച മുമ്പു കേന്ദ്ര ആരോഗ്യമന്ത്രിയും ആയുഷ് മന്ത്രിയും പ്രഖ്യാപനം നടത്തിയിരുന്നു. ഡൽഹി എയിംസിലും മറ്റു ചികിത്സാ കേന്ദ്രങ്ങളിലും നടത്തിയ ഗവേഷണങ്ങൾക്കു ശേഷമായിരുന്നു ഒൗദ്യോഗിക പ്രഖ്യാപനം. കൊവിഡിനു ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം, കൊവിഡിന് ആയുർവേദ ചികിത്സ സ്വീകരിച്ചവർക്ക് അനുബന്ധ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും എ.എം.എ.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, പ്രസിഡന്റ് ഡോ. രാജു തോമസ്, വൈസ് പ്രസിഡന്റ് ഡോ. സി.ഡി. ലീന എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ ആയുർവേദ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കണമെന്നും, വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്കും സ്വകാര്യ ആശുപത്രികൾക്കും ആയുർവേ ചികിത്സാനുമതി നൽകണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.