
തൊടുപുഴ: ലഹരിക്കടിമയായി നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. പട്ടാമ്പി കുമരനല്ലൂർ മാവറ വീട്ടിൽ മോഹനൻ നായരുടെ (63) ഇടത് കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ആക്രമിച്ച സെലീന എന്ന സ്ത്രീയെ പൊലീസ് തിരയുകയാണ്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ കാവൽ ജോലി ചെയ്യുന്നതിനിടെയാണ് മോഹനൻ നായർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. വെള്ളിയാഴ്ച രാത്രി പത്തേകാലോടെ ഇവിടെയെത്തി ഇവിടെയെത്തിയ സെലീന അസഭ്യം പറഞ്ഞു. മോഹനൻ നായർ ഇത് ചോദ്യം ചെയ്തു. അപ്പോൾ കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സെലീന മോഹനൻ നായരുടെ കൈയ്ക്ക് വെട്ടുകയായിരുന്നു. വലിയ മുറിവാണ് ഉണ്ടായത്. ധാരാളം രക്തം നഷ്ടപ്പെട്ടു. കുറച്ചകലെ കടത്തിണ്ണയിൽ കിടക്കുകയായിരുന്ന രണ്ട് പേർക്ക് നേരേയും സെലീന മൂർച്ചയേറിയ ആയുധം വീശി. ഇവർ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയവരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി. തുടർന്ന് ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമമുണ്ടാക്കിയ സ്ത്രീ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്ന് പൊലീസ് പറയുന്നു. ഇവർ മുമ്പും പലരെയും ആക്രമിച്ചിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ലഹരി വിമോചനത്തിലാക്കണമെന്ന് ആവശ്യം ശക്തമാണ്.