
തൊടുപുഴ: ക്വാറന്റൈൻ ലംഘിച്ച് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ പൊലീസും ആരോഗ്യ വകുപ്പും ചേർന്ന്നി രീക്ഷണകേന്ദ്രത്തിലാക്കി. കാളിയാർ എസ്റ്റേറ്റിൽ പൈനാപ്പിൾ തോട്ടത്തിൽ കൃഷിപ്പണിക്കായി എത്തിയ ജാർഖണ്ഡ് സ്വദേശികളായ 13 തൊഴിലാളികളാണ് താമസ സ്ഥലത്തു നിന്നും മുങ്ങിയത്. ഇവരിൽ ആറു പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ഇതെ തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ തൊഴിലാളികളോട് നിർദേശിക്കുകയും ഇതിനായി സൗകര്യമൊരുക്കാൻ കരാറുകാരനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായത്. അന്വേഷണത്തിൽ തൊഴിലാളികൾ കാഞ്ഞിരപ്പള്ളിയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇവരെ കണ്ടെത്തി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ അവിടെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തൊഴിലാളികളുടെ ക്വാറന്റൈൻ ഉറപ്പുവരുത്താത്ത കരാറുകാരനെതിരേ കേസ് എടുത്തതായി കാളിയാർ സിഐ പങ്കജാക്ഷൻ പറഞ്ഞു. തൊഴിലാളികളുടെ സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്. കഴിഞ്ഞയാഴ്ചയാണ് ജാർഖണ്ഡ് സ്വദേശികളായ 40 തൊഴിലാളികളെ തോട്ടത്തിലെ പണികൾക്കായി ഇവിടെ എത്തിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് ഇവരെ താമസ സ്ഥലത്ത് ക്വാറന്റൈനിലാക്കുകയും നിരീക്ഷണത്തിരുന്ന ഇവരുടെ സ്രവം കോടിക്കുളം പിഎച്ച്സി ജീവനക്കാർ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തിരുന്നു. നാൽപത് പേരുടെ സ്രവം പരിശോധിച്ചതിൽ 16 പേരുടെ ഫലം പോസിറ്റീവായിരുന്നു.