
കൊച്ചി: ഉത്സവകാലം വിരുന്നെത്തുംമുമ്പേ ആഭ്യന്തര വാഹന വിപണിയിൽ നേട്ടത്തിന്റെ ആഘോഷം. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കനത്ത മാന്ദ്യത്തിൽ നിന്ന് പ്രതീക്ഷകളുടെ പുതിയ ട്രാക്കിലേക്ക് കരകയറിയിരിക്കുകയാണ് വിപണി.
ലോക്ക്ഡൗൺ മൂലം നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ വാഹന വില്പന നിർജീവമായിരുന്നു. രണ്ടാംപാദത്തിൽ (ജൂലായ്-സെപ്‌തംബർ) അൺലോക്കിന്റെ ചുവടുപിടിച്ച്, ഉണർവിന്റെ പാതയിലേക്ക് വിപണി കുതിച്ചുകയറി. 7.3 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞപാദത്തിൽ പുതുതായി ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിലേക്ക് എത്തിയത്. 2019ലെ സമാനപാദത്തിലെ 6.2 ലക്ഷം യൂണിറ്റുകളേക്കാൾ 17 ശതമാനം കൂടുതൽ.
ഉത്‌പാദനവും വിതരണശൃംഖലയും സജീവമായത് മാത്രമല്ല, ഏപ്രിൽ-ജൂൺപാദത്തിലെ വില്പനയും സെപ്‌തംബർ പാദത്തിൽ ലഭിച്ചത് നേട്ടത്തിന് കാരണമായി. ടൂവീലർ വില്പന 46.8 ലക്ഷം യൂണിറ്റുകളിൽ നിന്നുയർന്ന് 46.9 ലക്ഷത്തിലുമെത്തി. സെപ്‌തംബറിൽ മാത്രം 26 ശതമാനം വളർച്ചയോടെ 2.7 ലക്ഷം പുതിയ പാസഞ്ചർ വാഹനങ്ങൾ വിറ്റഴിഞ്ഞു.
12 ശതമാനം വളർന്ന ടൂവീലർ വിപണി വിറ്റഴിച്ചത്, 18.5 ലക്ഷം യൂണിറ്റുകൾ. ഇതിൽ 12.2 ലക്ഷവും മോട്ടോർസൈക്കിളുകൾ; വർദ്ധന 17 ശതമാനം. സ്‌കൂട്ടർ വില്പന 5.5 ലക്ഷത്തിൽ നിന്ന് 5.6 ലക്ഷം യൂണിറ്റുകളിലേക്കും മെച്ചപ്പെട്ടു. വാണിജ്യ വാഹന വില്പനയാണ് ജൂലായ്-സെപ്‌തംബറിൽ നിരാശപ്പെടുത്തിയത്. വിറ്റുപോയത് 1.3 ലക്ഷം യൂണിറ്റുകൾ; നഷ്‌ടം 20 ശതമാനം.
162%
മാരുതി സുസുക്കി, ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി ഒട്ടുമിക്ക ബ്രാൻഡുകളും സെപ്‌തംബറിൽ കുറിച്ചത് ഇരട്ടയക്ക വളർച്ചാനിരക്ക്. ടാറ്റ വളർന്നത് 162 ശതമാനമാണ്. കിയ മോട്ടോഴ്‌സ് 147 ശതമാനം വർദ്ധന നേടി. ടൂവീലറിൽ ഹീറോ, ഹോണ്ട, റോയൽ എൻഫീൽഡ് എന്നിവയും നേട്ടം കൊയ്‌തു.
സെപ്തബംറിന്റെ കുതിപ്പ്
(വിഭാഗങ്ങളും വളർച്ചയും)
കാർ : 29%
എസ്.യുവി : 24.5%
വാൻ : 11%
പാസഞ്ചർ വാഹനം : 26.5%
മോട്ടോർസൈക്കിൾ : 17.3%
സ്‌കൂട്ടർ : 0.08%
ടൂവീലർ : 12%
ത്രീവീലർ : -72%