corona-kavach

ന്യൂഡൽഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) അനുമതിയോടെ ഇൻഷ്വറൻസ് കമ്പനികൾ പുറത്തിറക്കിയ കൊറോണ കവച് പോളിസിക്ക് വൻ പ്രതികരണം. കഴിഞ്ഞ ഒരുമാസത്തിനിടെ കൊവിഡ് കവച് ഇൻഷ്വറൻസ് പോളിസിയുടെ വില്പന 15 ലക്ഷത്തിൽ നിന്ന് പത്തിരട്ടിയോളം വർദ്ധിച്ച് 1.10 കോടിയിലെത്തി.

കൊവിഡ് കേസുകളിലെ വർദ്ധനയും ഉയർന്ന ചികിത്സാച്ചെലവുമാണ് കൊറോണ കവചിന്റെ മികച്ച ഡിമാൻഡിന് പിന്നിലെന്ന് ഐ.ആർ.ഡി.എ.ഐ ചെയർമാൻ എസ്.സി. ഖുൺടിയ പറഞ്ഞു.

മൂന്നരമാസം,​ ആറരമാസം,​ ഒമ്പതരമാസം എന്നിങ്ങനെ കാലാവധിയുള്ളതാണ് പോളിസി. ഉറപ്പായ ഇൻഷ്വറൻസ് തുക (സം ഇൻഷ്വേർഡ്)​ 50,​000 മുതൽ അഞ്ചുലക്ഷം രൂപവരെ. 447 രൂപ മുതൽ 5,​630 രൂവവരെയാണ് (ജി.എസ്.ടി പുറമേ)​ പ്രീമീയം തുക. പോളിസി ഉടമയുടെ പ്രായവും പോളിസി കാലാവധിയും സം ഇൻഷ്വേർഡും അടിസ്ഥാനമാക്കിയാകും പ്രീമിയം തുക നിശ്‌ചയിക്കുക. 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് ഇൻഷ്വർ പോളിസി എടുക്കാമെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാൾക്ക് സ്വയവും​ ഭാര്യ/ഭർത്താവ്,​ 25 വയസുവരെ പ്രായമുള്ള മക്കൾ,​ അച്‌ഛനും അമ്മയും,​ ഭാര്യയുടെ/ഭർത്താവിന്റെ അച്‌ഛനും അമ്മയും എന്നിവരെയും പോളിസിയിൽ ഉൾപ്പെടുത്താം. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായാൽ 15 ദിവസത്തേക്ക് സം ഇൻഷ്വേർഡിന്റെ 0.5 ശതമാനം വീതം പ്രതിദിന ആനുകൂല്യമായി ലഭിക്കും. പോളിസിയിൽ ആശുപത്രി മുറിവാടക,​ നഴ്‌സിംഗ്,​ ഐ.സി.യു.,​ ഡോക്‌ടർ ഫീ,​ കൺസൾട്ടന്റ് ഫീസ്,​ പി.പി.ഇ കിറ്ര്,​ ഗ്ളൗസ് ചെലവുകളും ഉൾപ്പെടുന്നുണ്ട്. വീട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് ചെലവും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്താം.

ഓറിയന്റൽ ഇൻഷ്വറൻസ്,​ നാഷണൽ ഇൻഷ്വറൻസ്,​ എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ്,​ ഐ.സി.ഐ.സി.ഐ ലൊമ്പാർഡ്,​ എച്ച്.ഡി.എഫ്.സി എർഗോ,​ മാക്‌സ് ബൂപ,​ ബജാജ് അലയൻസ്,​ ഭാരതി ആക്‌സ,​ ടാറ്റാ എ.ഐ.ജി തുടങ്ങി 29 കമ്പനികൾക്കാണ് കൊറോണ കവച പോളിസി പുറത്തിറക്കാൻ അനുമതി ലഭിച്ചത്.

₹50,​000

കൊറോണ കവച് പോളിസിയുടെ സം അഷ്വേർഡ് തുക 50,​000 മുതൽ അഞ്ചുലക്ഷം രൂപവരെ.

18-65 വയസ്

18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് കൊറോണ കവച ഇൻഷ്വർ പോളിസി എടുക്കാം.

₹447

പോളിസിയിൽ പ്രീമീയം തുക 447 രൂപ മുതൽ 5,​630 രൂവവരെ.

കൂടുതൽ കവചം

അലോപ്പതിക്ക് പുറമേ ഹോമിയോ (ആയുഷ്)​,​ ആയുർവേദം,​ യോഗ,​ നാചുറോപ്പതി,​ യുനാനി,​ സിദ്ധ ചികിത്സകളും കൊറോണ കവച പോളിസിയിൽ ഉൾപ്പെടുന്നു.

കുടുംബ സുരക്ഷ

ഒരാൾക്ക് സ്വയവും​ ഭാര്യ/ഭർത്താവ്,​ 25 വയസുവരെ പ്രായമുള്ള മക്കൾ,​ അച്‌ഛനും അമ്മയും,​ ഭാര്യയുടെ/ഭർത്താവിന്റെ അച്‌ഛനും അമ്മയും എന്നിവരെയും പോളിസിയിൽ ഉൾപ്പെടുത്താം.