durga-devi-adhiparasakthi

നവരാത്രി വ്രതത്തിന്റെ നാലാംനാൾ ആരാധിക്കേണ്ടത് ദേവി കൂഷ്മാണ്ഡയെയാണ്. ഭക്തരുടെ കഷ്ടപ്പാടുകൾ അകറ്റി ജീവിതത്തിൽ സന്തോഷം പ്രദാനം ചെയ്യുന്ന മൂർത്തിയാണ് ദേവി കൂഷ്മാണ്ഡ. തന്നിൽ നിന്ന് സകലതും സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവാണ് കൂഷ്മാണ്ഡയെന്നാണ് സങ്കല്പം. ആദിപരാശക്തിയാണ് ഈ ദേവീഭാവം; അതായത് ജീവജാലങ്ങളിലെ സൃഷ്ടിഭാവം!

കു, ഉഷ്മം, അണ്ഡം എന്നീ മൂന്നു പദങ്ങൾ സംയോജിച്ചാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. പേര് പോലെ തന്നെ സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ സൂക്ഷിച്ചവൾ എന്ന് അർത്ഥം. പാർവതിയുടെ കൂഷ്മാണ്ഡ ഭാവത്തെയാണ് നവരാത്രിയുടെ നാലാം ദിവസം ആരാധിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസങ്ങൾ ഇച്ഛാശക്തിയെയാണ് പ്രതിപാദിച്ചതെങ്കിൽ ഇനിയങ്ങോട്ടുള്ള മൂന്നു ദിവസങ്ങൾ ക്രിയാശക്തിയിലേക്കാണ്. പാർവതീദേവി മഹേശ്വരനുമായുള്ള വിവാഹം കഴിഞ്ഞ് ഗാർഹസ്ഥ്യജീവിതം തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ദേവി ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട തുടങ്ങിയ ഭാവങ്ങൾ ഉപേക്ഷിച്ച് ശിവശക്തിഭാവത്തിലായ ഉമയാണ്. സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനമാണ് നവരാത്രിയിലെ ഓരോ ദേവീഭാവവും. ഇതിൽ നിന്ന് ആശയവും പ്രചോദനവും ഉൾക്കൊണ്ടാണ് നവദുർഗാ സങ്കല്പത്തിന് ആയോധനമുറകളുടെ പശ്ചാത്തലമുപയോഗിച്ച് കളരി പരിശീലന പദ്ധതിയായ 'അഗസ്ത്യം' ചിത്ര ഭാഷ്യമൊരുക്കുന്നത്.

മഹിഷാസുരനെ നിഗ്രഹിക്കുന്ന ഉഗ്രഭാവമുള്ളവളായ ദുർഗയുടെ അപാരശക്തിയും തീവ്രഭക്തിയും മാതൃസഹജമായ സ്‌നേഹവും അളവില്ലാത്ത അനുഗ്രഹങ്ങളുമെല്ലാം നവരാത്രിയിലെ ഒൻപത് അവതാരങ്ങളിൽ പ്രതിബിംബിക്കുന്നു. 'അഗസ്ത്യം' നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ച്,​ കളരി ഗുരുക്കളും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ഡോ. മഹേഷ് ആണ് ദേവിയുടെ നവഭാവങ്ങൾക്ക് ഇവിടെ ചിത്രസാക്ഷാത്കാരം നിർവഹിച്ചിരിക്കുന്നത്.