
കാഞ്ഞങ്ങാട്: വൈദ്യുതി മോഷ്ടാക്കൾ കൊവിഡ് കാലത്തും സജീവം. ആറു മാസമായി ജില്ലയിൽ വൈദ്യുതി മോഷ്ടാക്കളിൽനിന്ന് പിഴ ഇനത്തിൽ ഈടാക്കിയത് 90 ലക്ഷം രൂപ. 27 വൈദ്യുതി മോഷണക്കേസുകളാണ് ഇക്കാലയളവിൽ പിടികൂടിയത്.
ചെർക്കള 2, ബദിയടുക്ക 2, പെരിയ 2, നെല്ലിക്കുന്ന് 1, ചിത്താരി 1, കാഞ്ഞങ്ങാട് 1 എന്ന തോതിലാണ് വൈദ്യുതി മോഷണക്കേസുകൾ. വീടു നിർമാണ സമയത്തുതന്നെ വൈദ്യുതി മോഷ്ടിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്ന് സ്ക്വാഡ് അംഗങ്ങൾ പറയുന്നു. ഒറ്റ നോട്ടത്തിൽ കണ്ടു പിടിക്കാൻ സാധിക്കാത്ത നിലയിൽ ചുമരുകൾക്കുള്ളിലാണ് വൈദ്യുതി ചോർത്താനുള്ള കുതന്ത്രം.
സംസ്ഥാനത്ത് വൈദ്യുതി മോഷണം തടയാൻ വൈദ്യുതി ബോർഡിനു കീഴിൽ ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ 14 ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി മീറ്ററിൽ എത്തുന്നതിനു മുമ്പ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിക്കുന്നവരും , മീറ്റർ കവർ ഇളക്കി മാറ്റി വൈദ്യുതി മോഷ്ടിക്കുന്നവരുമുണ്ട്. പോളി കാർബണേറ്റ് ഡീലുകൾ ഉപയോഗിച്ചാണ് ഇത് തടയുക. സ്റ്റാൻഡേഡ് റഫറൻസ് മീറ്റർ, കോമൺ മീറ്റർ റീഡിംഗ് ഉപകരണം, ലാപ്ടോപ്, ടോങ് ടെസ്റ്റർ, മൾട്ടീമീറ്റർ എന്നിങ്ങനെയുള്ള ഉപകരണങ്ങൾ സ്ക്വാഡിന്റെ കൈയിലുണ്ടാകും.
മോഷണം അറിയിക്കാം
വൈദ്യുതി മോഷണം ശ്രദ്ധയിൽപെട്ടാൽ അസി. എക്സിക്യൂട്ടീവ് എൻജിനിയർ 9446008172, അസി. എൻജിനിയർ 9446008173, സബ് എൻജിനിയർ 9447550731 നമ്പറുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരത്തെ ആന്റി പവർ തെഫ്റ്റ് സംവിധാനത്തിലേക്ക് 0471 244554 നേരിട്ടും വിളിക്കാം.