
നെടുമങ്ങാട്: വീടിനു മൂന്നിലിരുന്ന് മദ്യപിക്കുന്നത് പൊലീസിൽ പരാതിപ്പെട്ടതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ വീടുകയറി ആക്രമിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത എട്ടംഗ സംഘത്തിലെ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലങ്കാവ് പന്നിയോട്ടുകോണം മേക്കോണത്ത് തോട്ടരികത്തു വീട്ടിൽ എച്ച്. നന്ദു (23), അതിയന്നൂർ കുടനാവിള ചാരുനിന്നവിള പുത്തൻവീട്ടിൽ ആർ. രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് സ്വദേശി രജിത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി കൂട്ടുകാരനായ കൊല്ലം സ്വദേശി അവിനാഷിനെയാണ് ഇവർ ആക്രമിച്ചത്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തി. നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, എസ്.സി.പി.ഒ ഉളിയൂർ ബിജു, സി.പി.ഒ സനൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.