ee

പേരൂർക്കട: യുവാവിനെ സംഘം ചേർന്നു മർദ്ദിച്ച സംഭവത്തിൽ ഒരാൾ പേരൂർക്കട പൊലീസിന്റെ പിടിയിലായി. ചൂഴമ്പാല സ്വദേശി കണ്ണൻ എന്ന അഖിലാണ് (24) പിടിയിലായത്. ചൂഴമ്പാല സ്വദേശിയും ഇപ്പോൾ തൊളിക്കോട് ഭാഗത്തു താമസിക്കുന്ന അനു എന്ന ഷിജുവിനാണ് (30) മർദ്ദനമേറ്റത്. 19നായിരുന്നു സംഭവം. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. മുട്ടട അഞ്ചുമുക്കുവയലിനു സമീപത്തെ ഒരു വീടിന്റെ വെൽഡിംഗ് പണിക്കെത്തിയതായിരുന്നു ഷിജു. ഇവിടെയെത്തിയ അഖിൽ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന ഷിജുവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയും ചൂഴമ്പാലയിലെ വീട്ടിൽവച്ച് സംഘം ചേർന്ന് ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐ വി. സൈജുനാഥ്, എസ്.ഐ വി. സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൂട്ടാളി നിഥിൻ (26) കസ്റ്റഡിയിലായതായി സൂചനയുണ്ട്.