
ദുർഗാദേവിയുടെ ഒൻപതു ഭാവങ്ങളിൽ ആറാമത്തേതാണ് കാത്യായനി. അജ്ഞനത്തിന്റെ അന്ധകാരത്തിനു മേൽ ജ്ഞാനം നേടുന്ന വിജയമാണ് നവരാത്രിയുടെ ആറാം ദിനത്തിൽ സംഭവിക്കുക. കതൻ എന്ന മഹർഷിയുടെ പുത്രനായിരുന്നു കാത്യൻ. പുത്രിമാർ ഇല്ലാതിരുന്ന അദ്ദേഹം ദുർഗാദേവിയെ പുത്രിയായി ലഭിക്കുന്നതിന് മഹാതപസ്സനുഷ്ഠിച്ചു. സംപ്രീതയായ ദേവി കാത്യന്റെ പുത്രിയായി ജനിക്കുമെന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ദേവിക്ക് കാത്യായനി എന്ന നാമം ലഭിച്ചുവെന്നാണ് ഐതിഹ്യം.
കാത്യായനീ ഭാവത്തിലാണ് ശ്രീപാർവതി മഹിഷാസുരനെ വധിച്ചത്. ഈ സമയം ലക്ഷ്മീദേവിയും സരസ്വതീദേവിയും പാർവതിയിൽ ലയിച്ചുവെന്നും, മൂന്ന് ദേവിമാരുടെയും (ത്രിദേവി) ശക്തി ഒന്നായിത്തീരുകയും ആദിപരാശക്തിയായി, മഹിഷാസുരമർദ്ദിനി ആയി ദേവി മാറുകയും ചെയ്തു. കൈകളിൽ വാളും താമരപ്പൂവുമായാണ് കാത്യായനി ദേവി കുടികൊള്ളുന്നത്. സിംഹമാണ് വാഹനം. ആറാം ദിവസം ആരംഭിക്കുന്ന കാത്യായനി പൂജയിലൂടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറുകയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം. വിശുദ്ധിയിലേക്കുള്ള യാത്രയുടെ തുടക്കം കൂടിയാണിത്.
ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ എന്നാണ് വിശ്വാസം. ദുർഗാദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആരാധിക്കപ്പെടുന്നത്- മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും മൂന്നു വീതം രൂപങ്ങളിൽ ആവിഷ്‌കരിക്കപ്പെടുന്നതാണ് നവദുർഗ. നവദുർഗയിലെ ഓരോ ദേവിയും ദുർഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനമാണ് നവരാത്രിയിലെ ഓരോ ദേവീഭാവവും. ഇതിൽ നിന്ന് ആശയവും പ്രചോദനവും ഉൾക്കൊണ്ടാണ് നവദുർഗാ സങ്കല്പത്തിന് ആയോധനമുറകളുടെ പശ്ചാത്തലം ഉപയോഗിച്ച് 'അഗസ്ത്യം' നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് കളരി ഗുരുക്കളും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ഡോ. മഹേഷ് ചിത്രസാക്ഷാത്കാരം നിർവഹിച്ചിരിക്കുന്നത്.