
കൊച്ചി: ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാന്റെ മാഗ്‌നൈറ്റിന് വേണ്ടി വിപണി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മാഗ്‌നൈറ്റിന്റെ ഫീച്ചറുകളുടെയും മറ്റ് സവിശേഷതകളുടെയും ടീസറുകൾ ഏതാനും ആഴ്ചകളായി പരമ്പരപോലെ നിസാൻ പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ, ആവേശത്തിന്റെ ട്രാക്ക് തുറന്ന് പുത്തൻ മാഗ്‌നൈറ്റിന്റെ 'പ്രൊഡക്‌ഷൻ വേർഷനും" കമ്പനി പുറത്തിറക്കി.
കഴിഞ്ഞയാഴ്‌ച ആഗോള വിപണിയിൽ മാഗ്‌നൈറ്റിനെ നിസാൻ പരിചയപ്പെടുത്തിയെങ്കിലും കമ്പനി പ്രധാനമായും കണ്ണെറിയുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യയ്ക്കായി ഇന്ത്യയിൽ തന്നെ നിർമ്മിച്ചാണ് ഈ പുതുപുത്തൻ സബ്-കോംപാക്‌റ്റ് എസ്.യു.വി നിസാൻ അവതരിപ്പിക്കുന്നത്.
കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾ വലിയ താത്പര്യം കാട്ടുന്ന വിഭാഗമാണ് സബ് - കോംപാക്‌റ്റ് എസ്.യു.വികൾ. ആകർഷക ലുക്ക്, മികവുറ്റ ഫീച്ചറുകൾ, പ്രായോഗികമായ എൻജിൻ ഓപ്‌ഷനുകളും മികച്ച പെർഫോമൻസും, സുഗമമായ ഡ്രൈവിംഗ്, സുരക്ഷിതവും ആസ്വാദ്യവുമായ യാത്ര എന്നിങ്ങനെ ഉപഭോക്താക്കളെ വശീകരിക്കുന്ന ഘടകങ്ങൾ ഈ ശ്രേണിയിലുണ്ട്. ഇതേ മികവുകൾ അവകാശപ്പെട്ടാണ് മാഗ്‌നൈറ്റും കടന്നുവരുന്നത്.
രൂപഭംഗി
ഡാറ്റ്‌സൺ കാറുകളെ അനുസ്‌മരിപ്പിക്കുന്ന, കറുപ്പഴകുള്ള വലിയ ഗ്രില്ലാണ് മുന്നിലെ മുഖ്യാകർഷണം. മുന്നിലെ ലൈറ്റുകൾ എൽ.ഇ.ഡിമയമാണ്. ഒതുക്കമുള്ളതാണ് എൽ.ഇ.ഡി ബൈ-പ്രൊജക്‌ടർ ഹെഡ്‌ലൈറ്റും നേർത്ത എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററും.
എൽ-ആകൃതിയിലാണ് ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡി.ആർ.എൽ). അത് ആരുമൊന്ന് ശ്രദ്ധിക്കും. ഫോഗ്‌ലാമ്പും എൽ.ഇ.ഡി തന്നെ. കാരക്‌ടർ ലൈനുകളാൽ കൊത്തിവച്ച വലിയ ബോണറ്റ്, മാഗ്‌നൈറ്റിന് 'മസിൽമാൻ" ലുക്ക് നൽകുന്നു. സ്‌പോർട്ടീ ടച്ചിനായി താഴെ സിൽവർ സ്കിഡ് പ്ളേറ്റും കാണാം.
വശങ്ങളിലെ ഹൈലൈറ്റ് ചതുരാകൃതിയിലെ വീൽആർച്ചുകളും ഭംഗിയുള്ള 16-ഇഞ്ച് ഡയമണ്ട് അലോയ് വീലുകളുമാണ്. 204 എം.എം ഗ്രൗണ്ട് ക്ളിയറൻസുണ്ട്. വലിയ വിൻഡോകൾ മികച്ച കാഴ്‌ച സമ്മാനിക്കും. മുൻഭാഗത്തെ പോലെ, സ്‌പോർട്ടീ ടച്ചിനായി, വശങ്ങളിലും മുൻഭാഗത്തെ വീൽആർച്ചിൽ നിന്ന് തുടങ്ങി, പിന്നിലെ ആർച്ചിന് തൊട്ടടുത്ത് വരെ നീളുന്ന സിൽവർ ക്ളാഡിംഗുണ്ട്.
വളരെ ലളിതമാണെങ്കിലും ഭംഗിയുള്ളതാണ് പിൻവശം. പരന്ന എൽ.ഇ.ഡി ലൈറ്റ്, വൈപ്പറിന് കീഴിലായുള്ള നിസാൻ ലോഗോയും വലിയ മാഗ്‌നൈറ്റ് ബാഡ്‌ജും, സിൽവർ സ്കിഡ് പ്ളേറ്റ്, ബ്രേക്ക് ലൈറ്റോട് കൂടിയ റിയർ സ്‌പോയിലർ എന്നിവയാണ് പിൻഭാഗത്തെ ഭംഗിയുള്ളതാക്കുന്നത്.
അഴകുള്ള
അകത്തളം
കുടുംബയാത്രകൾക്ക് അനുയോജ്യമായ വിധം 336 ലിറ്റർ ബൂട്ട്‌സ്‌പേസ് മാഗ്‌നൈറ്റിലുണ്ട്. പിന്നിലെ സീറ്റുകൾ മടക്കിവയ്ക്കുമ്പോൾ കൂടുതൽ ലഗേജ് സ്‌പേസും ലഭിക്കും. നിസാന്റെ മറ്റ് മോഡലുകളെ അനുകരിക്കുന്നില്ല എന്ന പ്രത്യേകത അകത്തളത്തിൽ കാണാം.
എട്ടിഞ്ച് ഇൻഫോടെയ്‌ൻമെന്റ് സ്‌ക്രീനാണ് പ്രധാന ആകർഷണം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ളേ എന്നിവയുണ്ട്. പാർക്കിംഗ് എളുപ്പമാക്കാൻ റിയർ, സൈഡ് പാർക്കിംഗ് കാമറയും ഇതോടൊപ്പമുണ്ട്. ആറ് സ്‌പീക്കറുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, പഡിൽ ലാമ്പുകൾ എന്നിങ്ങനെ പുതുതലമുറയെ ആകർഷിക്കുന്ന വിശേഷങ്ങളും ധാരാളം.
സ്‌റ്റോറേജ്
അകത്തളത്തിൽ സെന്റർ കൺസോളിൽ ഉൾപ്പെടെ മറ്റ് സ്‌റ്റോറേജ് ഓപ്‌ഷനുകളും കാണാം. കപ്പ് ഹോൾഡറുകളും ആംറെസ്‌റ്റുമുള്ളതാണ് പിൻസീറ്റ്. ശ്രേണിയിലെ മികച്ച ലെഗ്, ഹെഡ് റൂം മാഗ്‌നൈറ്റിന് അവകാശപ്പെടാം. ശരാശരി പൊക്കമുള്ളവർക്കും പിൻസീറ്റ് യാത്ര ആസ്വദിക്കാനാകും.
ഡോറുകൾ നല്ല വീതിയിൽ തുറക്കാവുന്നതാണ്. പിൻസീറ്റിലേക്കുള്ള കയറ്റവും ഇറക്കവും ഇത് ആയാസരഹിതമാക്കും. മുന്നിൽ 10-ലിറ്റർ ഗ്ളൗബോക്‌സും പിന്നിൽ മൊബൈൽഫോൺ വയ്ക്കാനുള്ള പ്രത്യേക ഇടവുമുണ്ട്. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുന്ന ടെക് പായ്ക്കും നിസാൻ വാഗ്‌ദാനം ചെയ്യുന്നു.
ഡിജിറ്റൽ ലോകം
ഏഴിഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ മനം കവരും. ടയർ പ്രഷർ ഉൾപ്പെടെയുള്ള വിവരങ്ങളിൽ ഇതിൽ അറിയാം. ക്രമീകരിക്കാവുന്ന, സ്‌റ്റിയറിംഗ് മൗണ്ടഡ് ബട്ടണും കൂടിച്ചേരുമ്പോൾ കോക്‌പിറ്റ് - ഫീലും ലഭിക്കും. ഡ്യുവൽ എയർബാഗ്, ഹിൽ സ്റ്റാർട്ട് അസിസ്‌റ്റ്, ട്രാക്‌ഷൻ കൺട്രോൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ് എന്നിങ്ങനെ സുരക്ഷാ മികവുകളും മാഗ്‌നൈറ്റിനുണ്ട്. വാഹനത്തിന് ചുറ്റുമുള്ള സമ്പൂർണ കാഴ്‌ച നൽകുന്ന എറൗണ്ട് വ്യൂ മോണിറ്റർ (എ.വി.എം) സംവിധാനം മറ്റൊരു സവിശേഷതയാണ്.
20 kmpl
എക്‌സ്-ട്രോണിക് സി.വി.ടി ട്രാൻസ്‌മിഷൻ ഓപ്‌ഷനോട് കൂടിയ പുതിയ എച്ച്.ആർ.എ.ഒ 1.0 ലിറ്റർ ടർബോ എൻജിനാണുള്ളത്. ലിറ്ററിന് 20 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. മാഗ്‌നൈറ്റിന് ഒമ്പത് നിറഭേദങ്ങളുണ്ട്.
₹5.5 ലക്ഷം
ഈവർഷം അവസാനമോ അടുത്തവർഷം ആദ്യമോ മാഗ്‌നൈറ്റ് ഉപഭോക്താക്കളിലേക്ക് എത്തും. വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 5.5 ലക്ഷം രൂപ മുതൽ പ്രതീക്ഷിക്കാം. ടാറ്റ നെക്‌സോൺ, മാരുതി വിറ്റാര ബ്രെസ, കിയ സോണറ്റ്, ടൊയോട്ട അർബൻ ക്രൂസർ, ഹ്യുണ്ടായ് വെന്യൂ, ഫോഡ് എക്കോസ്‌പോർട്ട് എന്നിവയാണ് എതിരാളികൾ.