son-y

കിളിമാനൂർ: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ കാമുകനും സഹായിയും പിടിയിൽ. കാമുകൻ ആലംകോട്, മേവർക്കൽ, പട്ട്ള നിസാർ മൻസിലിൽ അൽനാഫി (18), അൽനാഫിയെ ഒളിവിൽ കഴിയാനും സ്വർണം പണയം വയ്ക്കാനും സഹായിച്ച എറണാകുളം കോതമം​ഗലം പനന്താനത്ത് വീട്ടിൽ സോണി ജോർജുമാണ് (23) പിടിയിലായത്. സോണി ജോർജ്ജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകർത്ത കേസിലെ പ്രതിയാണ്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്. ന​​ഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് അൽനാഫി പ്രണയം നടിച്ച് വശീകരിച്ചത്. കടലുകാണി അടക്കമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സഹോദരിയുടേത് ഉൾപ്പെടെ 18.5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്‌തു. 9 പവൻ സ്വർണം പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജൂവലറികളിലും വിറ്റു. ബാക്കിയുള്ള 9.5 പവൻ സ്വർണവുമായി അൽനാഫിയും സുഹൃത്തുക്കളും എറണാകുളത്ത് സോണി ജോർജിനെ സമീപിച്ചു. അൽനാഫിയുടെ സുഹൃത്ത് മുഖേനയാണ് സംഘം സോണിജോർജിനെ പരിചയപ്പെട്ടത്. പോക്സോ കേസിൽ പ്രതിയാണെന്ന വിവരം അറിയാമായിരിന്നിട്ടും സോണി ജോർജ്ജ് അൽനാഫിക്കും സുഹൃത്തിനും വാടകവീട് എടുത്ത് നൽകുകയും സ്വർണം വിൽക്കാനും പണയംവയ്‌ക്കാനും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ മാസമാണ് സംഭവം. പെൺകുട്ടിയുടെ സഹോദരിയുടെ സ്വർണാഭരണങ്ങൾ കാണാതായതോടെ വീട്ടുകാർ ന​ഗരൂർ പൊലീസിനെ സമീപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടി പീഡനത്തെക്കുറിച്ചും സ്വർണം പ്രതികൾക്ക് കൈമാറിയതിനെക്കുറിച്ചും പൊലീസിനോട് പറഞ്ഞു. റൂറൽ എസ്.പി ബി അശോകന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് അൽനാഫി മടവൂരിൽ പിടിയിലായത്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ന​ഗരൂർ എസ്.എച്ച്.ഒ എം സാഹിൽ, ഡിവൈ.എസ്.പി യുടെ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ ഫിറോസ് ഖാൻ, എ.എസ്. ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, നഗരൂർ സ്റ്റേഷനിലെ എ.എസ്.ഐമാരായ അനിൽകുമാർ, സലിം, വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ അനുപമ എന്നിവരും അന്വേഷകസം​ഘത്തിലുണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.