
 ബൈക്ക് അടിച്ചുതകർത്ത അക്രമിസംഘം പണവും കവർന്നു
വെള്ളറട: ദേവികോട്ട് പത്ര ഏജന്റിന്റെ വീടിനുനേരെ പട്ടാപ്പകൽ മാരകായുധങ്ങളുമായെത്തി മൂന്നംഗ സംഘത്തിന്റെ ആക്രമണം. ബൈക്ക് അടിച്ചുതകർത്ത അക്രമികൾ പണവും കവർന്നു. കേരളകൗമുദി ചെറിയകൊല്ല ഏജന്റ് ദേവികോട് സ്വദേശി മാസിലാമണിയുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. പത്രവിതരണം കഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിക്കുന്നതിനിടെയാണ് മാരകായുധങ്ങളുമായി മൂന്നംഗ സംഘമെത്തിയത്. വീടിനുമുൻവശത്തെ ജനൽചില്ലുകളും കസേരയും ഇവർ അടിച്ചുതകർത്തു. ഏജന്റും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ കിടപ്പുമുറിയിൽ കയറി കതകടച്ചതോടെ അക്രമി സംഘം തിരികെപ്പോയി. വീണ്ടും മടങ്ങിയെത്തിയ അക്രമികൾ വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് അടിച്ചുതകർക്കുകയായിരുന്നു. ബാങ്കിൽ അടയ്ക്കാനായി ബൈക്കിൽ സൂക്ഷിച്ചിരുന്ന 42,000 രൂപയും ഇവർ കൈക്കലാക്കി. വീടിന് തീവയ്ക്കുമെന്നും എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. നിരവധി കേസുകളിൽ പ്രതിയായ ഉണ്ടൻകോട് പുന്നാങ്കര സ്വദേശി ഷാജിയുടെ നേതൃത്വത്തിലാണ് ആക്രമികൾ എത്തിയതെന്ന് മാസിലാമണി പളുകൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അതിർത്തിയോട് ചേർന്നുള്ള ദേവികോട് കഞ്ചാവു വില്പനയും ഗുണ്ടാ ആക്രമണങ്ങളും പതിവാണ്. കഞ്ചാവ് വില്പനയെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകൾ ഏജന്റ് നൽകിയതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇതേ അക്രമിസംഘം കുറച്ചുദിവസം മുമ്പ് ചെറിയകൊല്ലയിൽ വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.