
കഴക്കൂട്ടം: കല്ലിംഗൽ കോളനിയിൽ വീടുകയറി ആക്രമണം നടത്താൻ മാരകായുധങ്ങളുമായി എത്തിയ അക്രമികളെ പട്രോളിംഗിനിടെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. 
കല്ലിംഗൽ ചേമ്പ് പറമ്പ് ശരണ്യ ഭവനിൽ ശരത് (29), തൃപ്പാദപുരം മെലെകോണം സുധീഷ് കുമാർ (27) എന്നിവരാണ് പിടിയിലായത്. 
പ്രതികളുടെ സുഹൃത്തായ മഞ്ജിത്തിനെ വെട്ടിപ്പരിക്കേല്പിച്ചതിന്റെ വിരോധത്തിൽ സംഘം കോളനിയിലെ അനീഷിന്റെ വീട് ആക്രമിക്കാനെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. 
അറസ്റ്റിലായവർ തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ബോംബേറ് കേസ് എന്നിവ ഉൾപ്പെടെയുള്ള കേസിലെ പ്രതികളാണ്. കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണർ ആർ. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ്ബാബു, ഗോപകുമാർ, സുമേഷ്, സി.പി.ഒമാരായ സജാദ്, ബിനു, പ്രഫിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.