drishyam-2

തൊടുപുഴ: മോഹൻലാൽ ജോർജ്കുട്ടിയായി അഭിനയിച്ച ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത മെഗാ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം; ദൃശ്യം 2 - ഒക്ടോബർ 5 ന് തൊടുപുഴയിൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ 'കേരള കൗമുദി' യോട് പറഞ്ഞു . കഴിഞ്ഞ 21 ന് എറണാകുളത്ത് ദൃശ്യം 2 - വിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇവിടുത്തെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയതിന് ശേഷമാണ് തൊടുപുഴയിലേക്ക് എത്തുന്നത്. എറണാകുളം തൊടുപുഴ എന്നിവിടങ്ങളിലാണ് ദൃശ്യം 2 - വിന്റെ പ്രധാന ലൊക്കേഷൻ. ദൃശ്യം ആദ്യഭാഗത്തിന്റെ മെഗാ വിജയത്തെ തുടർന്ന് തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഒറ്റ ഷെഡ്യുളിൽ പൂർത്തീകരിക്കുന്ന രീതിയിലാണ് ഷൂട്ടിങ്ങ് പ്ലാൻ ചെയ്തിരിക്കുന്നത്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിച്ചാണ് ഷൂട്ടിങ്ങ്. സിനിമയുടെ അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവർത്തകരും ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് ഏതാനും ദിവസം മുൻപ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ എറണാകുളം കളക്ടർ - ജില്ലാ പൊലീസ് മേധാവി, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപന അധികൃതർ എന്നിവരിൽ നിന്നുള്ള അനുമതിയോടെയാണ് ഷൂട്ടിങ്ങ് നടത്തുന്നത്.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും മാസ്ക്ക്, ഗ്ലൗസ്, പനി പരിശോധന, സാമൂഹ്യ അകലം, കൈകൾ വൃത്തിയാക്കാനുള്ള സൗകര്യങ്ങൾ, കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള സുരക്ഷാ വസ്ത്രം എന്നീ സംവിധാനങ്ങളോടെയാണ് ഓരോ ദിവസത്തെയും ഷൂട്ടിങ്ങ്. ആദ്യഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച; ജോർജ് കുട്ടിയും കുടുംബവും താമസിക്കുന്ന തൊടുപുഴയ്ക്ക് സമീപത്തുളള വീട്ടിൽ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ആർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ സെറ്റ് റെഡിയായി വരുകയാണ്. ദൃശ്യം ആദ്യ ഭാഗത്തിനായി ഈ വീടിന് ലേശം രൂപമാറ്റം വരുത്തിയിരുന്നു. പിന്നീട് കമലഹാസനും ഗൗതമിയും അഭിനയിച്ച പാപനാശത്തിനായി തമിഴ് രീതിയിലും വീടിന് മാറ്റം വരുത്തി. എന്നാൽ വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയും കുടുംബവും വീണ്ടും തൊടുപുഴയ്ക്ക് എത്തുമ്പോൾ ഈ വീട് കൂടുതൽ സുന്ദരമാവുകയാണ്.

'ലാലേട്ടൻ' വീണ്ടും തൊടുപുഴയിൽ

കൊവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായ സിനിാ മേഖല വീണ്ടും സജീവമാകുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷക സമൂഹം. എന്നാൽ മോഹൻലാൽ വീണ്ടും തൊടുപുഴയിലെത്തുന്നതിന്റെ ആവേശത്തിലാണ് തൊടുപുഴ നിവാസികൾ. കൊവിഡ് നിയന്ത്രണം കർശനമായി പാലിച്ചാണ് ഷൂട്ടിങ്ങ് നടത്തുന്നത്, എന്നതിനാൽ പുറമേ നിന്ന് ആർക്കും ഷൂട്ടിംഗ് സ്ഥലത്തേക്ക് പ്രവേശിക്കാനും കഴിയില്ല. ഇത് മോഹൻലാൽ ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നുമുണ്ട്. ദൃശ്യം ആദ്യഭാഗത്തിന്റെയും, ഇവിടം സ്വർഗമാണ്, രസതന്ത്രം, വിസ്മയ തുമ്പത്ത് എന്നിങ്ങനെ മെഗാഹിറ്റുകളായ നിരവധി സിനിമകളുടെ ഷൂട്ടിങ്ങിന് ഇതിന് മുൻപും മോഹൻലാൽ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും എത്തിയിട്ടുണ്ട്.

ദ്യശ്യം 2വിന് വേണ്ടി ഒരുമിക്കുന്നവർ

ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധിക്ക്, സായികുമാർ, ഗണേഷ് കുമാർ, മുരളി ഗോപി, മീന, ആശാ ശരത്ത്, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും മറ്റ് പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധാനം: അനിൽ ജോൺസൻ, ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റിങ്ങ്: വിനായകൻ, കലാസംവിധാനം: രാജീവ് കോവിലകം: നിശ്ചല ഛായാഗ്രഹണം: ബെന്നറ്റ്, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: ലിൻഡ ജിത്തു. പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്ഷൻ മാനേജർ: പ്രണവ് മോഹൻ, ഫിനാൻസ് കൺട്രോളർ: ശശിധരൻ കണ്ടാണിശ്ശേരിൽ, പി ആർ ഒ: വാഴൂർ ജോസ്.