ടെണ്ടർ ഉടൻ ആരംഭിക്കുമെന്ന് പി.ജെജോസഫ് എം.എൽ.എ
തൊടുപുഴ : സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യശ്ശേരി തോക്കുമ്പൻസാഡിൽ റോഡിന്റെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പി.ജെജോസഫ് എം.എൽ.എ. അറിയിച്ചു. 192 കോടി രൂപയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് കെ.എസ്.റ്റി.പി. തയ്യാറാക്കി കഴിഞ്ഞു. ജർമൻ ബാങ്ക് ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കരിമണ്ണൂരിൽ നിന്നും ആരംഭിച്ച് നെയ്യശ്ശേരി തൊമ്മൻകുത്ത് നാരങ്ങാനം മുണ്ടൻമുടി വണ്ണപ്പുറം മുള്ളരിങ്ങാട് പട്ടയക്കുടി വഞ്ചിക്കൽ വരെയുള്ള 33.15 കിലോ മീറ്റർ ദൂരമാണ് ബി.എം. ആന്റ് ബി.സി. നിലവാരത്തിൽ നിർമ്മിക്കുന്നത്.
നിലവിലുള്ള റോഡ് പരമാവധി വീതി കൂട്ടിയും കലുങ്കുകൾ, സംരക്ഷണഭിത്തി എന്നിവ നിർമ്മിച്ചുമാണ് റോഡ് പൂർത്തീകരിക്കുന്നത്. കയറ്റങ്ങൾ പരമാവധി കുറയ്ക്കുന്നതിനും നടപടി ഉണ്ടാകും. തൊമ്മൻകുത്ത്, ആനചാടി കുത്ത്, കോട്ടപ്പാറ, മീനുളിയാൻപാറ, കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിനും പദ്ധതി സഹായകമാകും. തൊമ്മൻകുത്തിൽ പുതിയ പാലവും ഇതോടനുബന്ധിച്ച് നിർമ്മിക്കും. കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തുകളുടെ വികസനത്തിന് ആക്കം കൂട്ടുന്നതാണ് നിർദ്ദിഷ്ട പദ്ധതി. ടെണ്ടർ പൂർത്തിയായി കഴിഞ്ഞാൽ രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുന്നതിനും അഞ്ചു വർഷത്തെ മെയിന്റനൻസുമാണ് കരാറിൽ ഉണ്ടാവുക. റീ ബിൽഡ് കേരള പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെടുകയും ഇതു സംബന്ധിച്ച് നേരത്തെ കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തിക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ഈ മാസം പകുതിയോടെ ടെണ്ടർ നടപടികൾ തുടങ്ങുമെന്നും ജോസഫ് പറഞ്ഞു.
പ്ലാന്റേഷൻ മുതൽ തൊമ്മൻകുത്ത് വരെയുള്ള ഭാഗവും ആർപ്പാമറ്റം കരിമണ്ണൂർ റോഡും ഗതാഗത യോഗ്യമാക്കുന്നതിന് തുക അനുവദിക്കണമെന്നും പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. തലക്കോട് ബ്ലാത്തിക്കവല റോഡിന്റെ വെള്ളക്കയം മുതലുള്ള നാലു കിലോമീറ്റർ ദൂരം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ചാത്തമറ്റം മുള്ളരിങ്ങാട് റോഡിന്റെ വണ്ണപ്പുറം പഞ്ചായത്തിന്റെ പരിധിയിലുള്ളഭാഗം നേരത്തെ ബി.എം. ആന്റ് ബി.സി. നിലവാരത്തിൽ പൂർത്തീകരിച്ചിരുന്നു.