തൊടുപുഴ: എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും സ്കൂളുകളിൽ ഗാന്ധിയന്തി ആഘോഷം ഒഴിവാക്കുന്നതെങ്ങിനെ... പണ്ട് കാലത്ത് ഗാന്ധി ജയന്തി സേവനവാരമായി ആഘോഷിച്ചിരുന്നു. പിന്നീടത് ഒരു ദിവസവും മറ്റുമായി ചുരുങ്ങി . അസംബ്ളി കൂടലും വിവിധ മത്സരങ്ങളുമൊക്കെയായി മുൻ കാലങ്ങളിൽ നടന്നിരുന്ന ഗാന്ധി ജയന്തി ഇത്തവണ ഓൺലൈന് വഴിമാറുകയാണ്. കൊവിഡ് കാലത്തെ ഗാന്ധി ജയന്തി വെർച്ച്വൽ അസംബ്ളിയിലൂടെ ആഘോഷമാക്കി മാറ്റാൻ പല സ്കൂളുകളും ഒരുങ്ങി. ഇത്തവണത്തെ ഓണാഘോഷം ഓൺലൈനിൽ നടത്തിയപ്പോൾ ലഭിച്ച സ്വീകാര്യതയാണ് ഗാന്ധി ജയന്തിയും ആഘോഷിക്കുന്നതിന് സ്കൂൾ അധികൃതർക്ക് പ്രേരണയായത്.
സ്കൂളിൽ പതാക ഉയർത്തൽ ബന്ധപ്പെട്ട അധികാരി നടത്തിയശേഷം ഓൺലൈനിൽ അസംബ്ളി ചേരും. പതിവ്പോലെ ചടങ്ങുകൾ നടക്കും. ഈശ്വരപ്രാർത്ഥനയും സ്വാഗതവും അദ്ധ്യക്ഷ പ്രസംഗവും ഗാന്ധി ജയന്തി സന്ദേശവും എല്ലാം കഴിഞ്ഞ് അദ്ധ്യാപകരും കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും പ്രസംഗിക്കും. ചടങ്ങുകൾ കോമ്പയർ ചെയ്യുന്നതും വിദ്യാർത്ഥികളായിരിക്കും. ഓരോ ക്ളാസിലെയും കുട്ടികൾ അവതരിപ്പിച്ച ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവ അവതരിപ്പിക്കും. ഫലത്തിൽ സ്കൂൾ അന്തരീക്ഷം വീട്ടിലിരുന്നും കുട്ടികൾക്ക് ലഭിക്കുംവിധം ആഘോഷങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് വിവിധ സ്കൂളുകൾ ചെയ്യുന്നത്. സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, ഗവഎയ്ഡഡ്, അൺ എയ്ഡഡ്, ഗവ. സ്കൂളുകൾ എന്നിവ ഇക്കാര്യത്തിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ആഘോഷത്തിൽ കുട്ടികളെ വെർച്ച്വൽ അസംബ്ളിയിൽ പങ്കെടുപ്പിക്കുന്നുണ്ട്.