jibin

നെടുങ്കണ്ടം: ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെ കാൽവഴുതി അണക്കെട്ടിൽ വീണ് യുവാവ് മരിച്ചു. രക്ഷിക്കാനായി അണക്കെട്ടിൽ ചാടിയ സുഹൃത്തിനെ നാട്ടുകാരെത്തി രക്ഷപെടുത്തി. എഴുകുംവയൽ കൈലാസനാട് പഴംപുരയ്ക്കൽ ജിബിൻ ചാക്കോ(27) ആണ് മരിച്ചത്.

നെടുങ്കണ്ടം കല്ലാർ അണക്കെട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അണക്കെട്ടിന്റെ ഒരുവശത്തെ ചെങ്കുത്തായ പാറക്കെട്ടിലിരുന്ന് ചൂണ്ടയിടുന്നതിനിടെ ജിബിന്റെ കാൽവഴുതി അണക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഴിപ്പറമ്പിൽ ഐബിൻ സജി രക്ഷിക്കാനായി അണക്കെട്ടിലേക്ക് എടുത്തുചാടിയെങ്കിലും ജിബിൻ താഴ്ചയിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. വെള്ളത്തിൽകിടന്നുള്ള ഐബിന്റെ നിലവിളികേട്ടാണ് നാട്ടുകാരെത്തി ഐബിനെ കരയ്ക്ക് കയറ്റിയത്.

വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് ജിബിന്റെ മൃതദേഹം കണ്ടെത്താനായത്. അപകടം ഉണ്ടായ സ്ഥലത്ത് മുപ്പതടിയോളം താഴ്ചയുണ്ടായിരുന്നതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. അണക്കെട്ടിന്റെ ഷട്ടർ അൽപ്പം ഉയർത്തി ജലനിരപ്പ് കുറച്ചതോടെയാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹത്തിന്റെ കാലിലും കഴുത്തിലും ചൂണ്ടനൂൽ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പ്രദേശവാസികളായ ബെന്നി, അജീഷ്‌കുമാർ, വിഷ്ണു വിജയകുമാർ, സി.എം വിഷ്ണു, വിനീത്, കണ്ണൻ, റോയി, നെടുങ്കണ്ടം എസ്.ഐ വിനോദ്കുമാർ, റെജി, അഭിലാഷ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ സന്തോഷ്, നോബിൾകുട്ടൻ, ശരൺകുമാർ, സദാനന്ദൻ, ഗിരീഷ്‌കുമാർ, അരുൺ, കേശവപ്രദീപ്, ദേവസ്യ, ഷാജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പഴംപുരയ്ക്കൽ ചാക്കോയുടെയും തെയ്യാമ്മയുടെയും ഇളയമകനായ ജിബിൻ മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബിരുദധാരിയാണ്. ജിൻസ് ഏക സഹോദരനാണ്. സംസ്‌കാരം പിന്നീട്.