തൊടുപുഴ: ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ളയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന തൊടുപുഴ - മുട്ടം റോഡിനെ മാതൃകാ റോഡാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. തൊടുപുഴ - മുട്ടം റൂട്ടിൽ അടുത്ത നാളുകളിലായി വർധിച്ച് വരുന്ന നിരവധിയായ വാഹനാപകടങ്ങൾ ഇല്ലാതാക്കുക, റോഡിന്റെ അശാസ്ത്രീയമായ നിർമാണം, സുരക്ഷാ സംവിധാനങ്ങളുടെയും മുന്നറിയിപ്പ് ബോർഡുകളുടേയും അഭാവം, റോഡിന്റെ വശങ്ങൾ ചെടികൾ വെച്ച് മനോഹരമാക്കൽ, റോഡരുകിൽ മാലിന്യം തള്ളുന്നത് തടയൽ, ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശാഖകളും റോഡിലേക്ക് കൂടുതലായി ഇറങ്ങി നിൽക്കുന്ന വൈദ്യുതി തൂണുകൾ, വാട്ടർ പൈപ്പ് ലൈൻ തുടങ്ങിയവ മൂലമുള്ള തടസ്സങ്ങൾ ഇല്ലാതാക്കൽ എന്നീ പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. വിവിധ സർക്കാർ വകുപ്പ് അധികൃതർ, സാമൂഹ്യ സാംസ്ക്കാരിക സംഘടന പ്രവർത്തകർ എന്നിവർ മ്രാല കവല മുതൽ തൊടുപുഴ, മുട്ടം റോഡിന്റെ രണ്ട് വശങ്ങളിലായി നാല് ഭാഗങ്ങളായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
മെഗാ പദ്ധതിയിൽ കൈകോർക്കുന്നവർ.............
റവന്യു, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത്, പൊലീസ്, ട്രാഫിക് പൊലീസ്, കെ എസ് ഇ ബി, ഫയർ ആൻഡ് റെസ്ക്യൂ, നഗരസഭ, പഞ്ചായത്തുകൾ, എം വി ഐ പി, വാട്ടർ അതോറിറ്റി, ഹില്ലി അക്വാ, തൊടുപുഴ ബാർ അസോസിയേഷൻ, ആരോഗ്യവകുപ്പ്, ട്രാഫിക് എൻഫോഴ്സ്മെന്റ്, ഹരിത കേരളം, മലങ്കര എസ്റ്റേറ്റ്, ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ഐഎംഎ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, വർക്ക് ഷോപ്പ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി, മർച്ചന്റ് യൂത്ത് വിംഗ്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ.