
മുട്ടം പഞ്ചായത്തിലെ വീടുകളെയും സ്ഥാപനങ്ങളെയും മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കുന്നതിന് ആയി ശുചിത്വമിഷൻ സഹായത്തോടെ 13 ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവഹിച്ചു .
പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നുമുള്ള 26 അംഗ ഹരിത കർമ്മ സേന വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫിൽ എത്തിച്ച് അവിടെനിന്ന് ബ്ലോക്ക് പഞ്ചായത്ത് വഴി ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് ലക്ഷ്യം. ഇതിലൂടെ മുട്ടം ഗ്രാമപഞ്ചായത്തിലെ വീടുകളും സ്ഥാപനങ്ങളും മാലിന്യമുക്തമാക്കി ക്ലീൻ പഞ്ചായത്ത് ആക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്.
വഴിയാത്രക്കാർ മാലിന്യം വലിച്ചെറിയുന്ന പെരുമറ്റം ഭാഗത്ത് ഗാർഡ്‌നെറ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയായി പണി ആരംഭിച്ചു. ഇരാറ്റുപേട്ട റൂട്ടിൽ തോട്ടുംകര ഭാഗത്ത് കഴിഞ്ഞ വർഷം ഗാർഡ്‌നെറ്റ് സ്ഥാപിച്ചത് മൂലം തോട്ടിലേക്ക് മാലിന്യം തള്ളുന്നത് പൂർണ്ണമായി ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട് . ഇതിനോടകം രണ്ടുപ്രാവശ്യം ആരോഗ്യ പുരസ്‌കാരവും ശുചിത്വ പദവിയും പഞ്ചായത്തിന് ലഭിച്ചുകഴിഞ്ഞതായും പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ അറിയിച്ചു.
ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ മോഹനൻ ,മെമ്പർമാരായ ബീന ജോർജ് , മേരിക്കുട്ടി വർഗീസ് ,സെക്രട്ടറി ലൗജി എം നായർ , ഹെഡ് ക്ലാർക്ക് ശബരി കൃഷ്ണ എന്നിവർ സംസാരിച്ചു.