തൊടുപുഴ: ഉപ്പുകുന്ന് അറയ്ക്കൽ ജോൺസന്റെ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തിയ ഡി.വൈ.എഫ്.ഐ പന്നൂർ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച്പേർ പിടിയൽ. ഡി.വൈ.എഫ്.ഐ നേതാവ് കരിമണ്ണൂർ പന്നൂർ തെറ്റാമലയിൽ വിഷ്ണു (22), സമീപവാസികളും സുഹൃത്തുക്കളുമായ തച്ചുമഠത്തിൽ പ്രശാന്ത്(24), പാറയ്ക്കൽ രാകേഷ്(30), തച്ചുമഠത്തിൽ സുധി(28), കാവാട്ടുകുന്നേൽ സനീഷ്(19) എന്നിവരെ കരിമണ്ണൂർ പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പന്നൂർ സ്വദേശി ഒളിവിലാണ്. ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച ഉപ്പുകുന്ന് അറയ്ക്കൽ ജോൺസന്റെ വീട്ടിൽ കഴിഞ്ഞമാസം മാസം 19ന് ആണ് മോഷണം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജോൺസന്റെ ഉപ്പുകുന്നിലുള്ള ആളൊഴിഞ്ഞ വീട്ടിൽ വളരെ പഴക്കമേറിയ പമ്പിങ് മോട്ടോർ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉള്ളതായി പ്രതികൾ അറഞ്ഞിരുന്നു. ഒന്നാം പ്രതി പ്രശാന്ത്, സുധി, രാകേഷ്, ഒളിവിൽ കഴിയുന്ന എൽദോസ് എന്നിവർ ചേർന്ന് സ്ഥലം കണ്ടെത്തി വയ്ക്കുകയും രാത്രിയിൽ മറ്റു പ്രതികളായ സനീഷ്, വിഷ്ണു എന്നിവരെയും ഒപ്പം കൂട്ടി മോഷണം നടത്തുകയായിരുന്നു. പത്ത് എച്ച്.പി ശേഷിയുള്ള പമ്പിങ് മോട്ടോർ, നിരവധി ചെറിയ മോട്ടോറുകൾ, പഴയ ടിവി, പഴയ മോഡൽ പെഡസ്ട്രിയൽ ഫാൻ തുടങ്ങി 15 ഓളം വസ്തുക്കൾ മോഷ്ടിച്ച് കടത്തുകയായിരുന്നു. മോട്ടോറും മറ്റു ഉപകരണങ്ങളും അഴിച്ച് ഉള്ളിലുള്ള കോയിലുകളും മറ്റും എടുത്തശേഷം ബാക്കിയുള്ള വിവിധ സ്ഥലങ്ങളിൽ ഒളിപ്പിക്കുകയായിരുന്നു. ഇടവെട്ടി കനാൽ, ചിലവ്കരിമണ്ണൂർ റോഡ്, പന്നൂർ താമരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി പ്രതികൾ ഒളിപ്പിച്ച് വെച്ചിരുന്ന 15 ഇന പുരാവസ്തുക്കളും പ്രതികൾ മോഷണത്തിന് ഉപയോഗിച്ച രണ്ട് കാറും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു. പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാർ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് നിർണായകമായത്. കേസിലെ ഒന്നാം പ്രതി പ്രശാന്തിന് ഉടുമ്പന്നൂർ മേഖലയിൽ വ്യാപകമായി കഞ്ചാവ് കച്ചവടമുള്ളതായും പൊലീസ് പറയുന്നു. തൊടുപുഴ മേഖലയിലുള്ള മറ്റ് മോഷണ കേസുകളിലും ഇവർക്ക് പങ്കുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. മോഷണ വസ്തുക്കൾക്ക് ഒന്നര ലക്ഷം രൂപ വിലമതിക്കുമെന്നാണ് വീട്ടുടമ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കരിമണ്ണൂർ എസ്.ഐ സിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ ജബ്ബാർ, എഎസ്‌ഐമാരായ രാജേഷ്, നജീബ്, റെജി, ഉദ്യോഗസ്ഥരായ ഷക്കീർ, ജോബിൻ കുര്യൻ, ബൈജു, രജനീഷ്, രാജേഷ്, അനീഷ്, മുജീബ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി.