മണക്കാട് :പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം മന്ത്രി എം.എം. മണി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ.
അദ്ധ്യക്ഷത വഹിച്ചു.

1972ലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിച്ചത്. തുടർന്ന് 1975 ൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രവർത്തനം ഇതുവരെ നടന്നുകൊണ്ടിരുന്നത്. കാലപ്പഴക്കത്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു കെട്ടിടം. സ്ഥല സൗകര്യത്തിന്റെ അപര്യാപ്തതയും ലബോറട്ടറി സംവിധാനത്തിന്റെ പോരായ്മയും ആരോഗ്യ കേന്ദ്രത്തിന്റെ പ്രധാന പരിമിതിയായിരുന്നു. ഇരുപത്തിനാലര ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്നുലക്ഷം ഉപയോഗിച്ചാണ് ലബോറട്ടറി സംവിധാനം ഒരുക്കിയത്.
ബ്രാഹ്മിൺസ് ഫുഡ് പ്രോഡക്ട്‌സ് മുപ്പത്തിനാലാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് ലക്ഷം രൂപ മുതൽ മുടക്കി ആശുപത്രിയോട് അനുബന്ധിച്ച് ഒരു വെയിറ്റിംഗ് ഏരിയ നിർമിച്ചുനൽകി.
പുതിയ മന്ദിരത്തോട് അനുബന്ധിച്ച് പണികഴിപ്പിച്ച ലാബിന്റെ ഉദ്ഘാടനം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ നിർവ്വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനോയ് സ്വാഗതം പറഞ്ഞു.