
അടിമാലി: പുതിയ കെട്ടിട സമുച്ചയവുമായി അഞ്ച് സ്കൂളുകൾ ഹൈടെക്കായി. അടിമാലി ഗവ. ഹൈസ്‌കൂൾ, ഗവ. എച്ച്.എസ്.എസ്. ചെണ്ടുവരൈ, ജി.യു.പി.എസ് തോക്കുപാറ, ജി.വി.എച്ച്.എസ്.എസ് മൂന്നാർ, ജി.വി.എച്ച്.എസ്.എസ് ദേവിയാർകോളനി എന്നി സ്‌കൂളുകൾക്കാണ് പുതിയ ഹൈടെക് കെട്ടിട സമുചയങ്ങൾ ഒരുക്കിയിട്ടുള്ളത്. ക്ലാസ്മുറികൾ, ലാബുകൾ , ശുചിമുറികൾ, അധ്യാപകർക്കുള്ള പ്രത്യേക മുറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. മൂന്നു കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് അടിമാലി ഗവ. ഹൈസ്‌കൂൾ കെട്ടിടം പൂർത്തികരിച്ചത്. ഗവ. എച്ച്.എസ്.എസ്. ചെണ്ടുവരൈ, ജി.യു.പി.എസ് തോക്കുപാറ, ജി.വി.എച്ച്.എസ്.എസ് മൂന്നാർ എന്നീ സ്‌കൂളുകളുടെ കെട്ടിട സമുച്ചയങ്ങൾ ഒരുകോടി പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. 1.75 കോടി നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് ജി.വി.എച്ച്.എസ്.എസ് ദേവിയാർ സ്‌കൂളിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വിവിധ സ്‌കൂളുകളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ്.രാജേന്ദ്രൻ എം.എൽ.എ ജനപ്രതിനിധികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
തോക്കുപാറ ഗവ യുപിസ്‌കൂളിലെ ഹൈടെക് മന്ദിരത്തിന്റെ പ്രാദേശിക ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റിആർ ബിജി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയി ജോൺ,ജയൻ ചക്രപാണി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സുരേന്ദ്രൻ,വെള്ളത്തൂവൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി,എ ഇ ഒ അംബികാദേവി,സ്‌കൂൾ പിടിഎ പ്രസിഡന്റ് പി.കെ റോയി, എന്നിവർ പങ്കെടുത്തു.
വരുതലമുറയെ കണ്ടുള്ള വികസനം: മുഖ്യമന്ത്രി
വരും തലമുറയെക്കൂടി കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് സ്‌കൂളുകളുടെ വികസനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമ്മിച്ച പുതിയ 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർമ്മിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭാവിയാണ് ഓരോ വിദ്യാലയങ്ങളും. വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായ മാറ്റം ഏറെ ശ്രദ്ധേയമാണ്. ഇടുക്കി ജില്ലയിൽ 5 പൊതുവിദ്യാലയങ്ങളാണ് പുതിയ കെട്ടിട സമുച്ചയത്തോടെ നാടിന് സമർപ്പിച്ചത്. ഓൺലൈനായി നടത്തിയ ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. ടി. എം. തോമസ് ഐസക്ക്, ഇ. പി. ജയരാജൻ എന്നിവർ സംസാരിച്ചു.