arikuzha
അരിക്കുഴ ഗവ.ഹൈസ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി എം എം മണി ഓൺലൈൻ വഴി നിർവ്വഹിക്കുന്നു


അരിക്കുഴ: പൊതു വിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ഒരു മാറ്റമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത് മന്ത്രി മന്ത്രി എം.എം. മണി പറഞ്ഞു. അരിക്കുഴ ഗവ.സ്‌കൂളിന്റെ പുതിയ മന്ദിരോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങൾ കൃത്യമായി സ്‌കൂളുകളിൽ എത്തിക്കുക, ക്ലാസ് റൂമുകൾ ഹൈടെക് ആക്കുക തുടങ്ങിയവയിലൂടെ കോടിക്കണക്കിനു രൂപയാണ് വിദ്യാഭ്യാസ രംഗത്ത് സർക്കാർ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പി.ജെ.ജോസഫ് എം.എൽ.എ. അദ്ധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പി.ടി.എ. പ്രസിഡന്റ് എ.ജി.സുകുമാരൻ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ, പഞ്ചായത്തംഗം ശോഭന രമണൻ, പി.റ്റി.എ. വൈസ് പ്രസിഡന്റ് റ്റിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.സുഷമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം.നാസർ നന്ദിയും പറഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച ഫണ്ടുപയോഗിച്ചാണ് നിർമാണങ്ങൾ പൂർത്തിയാക്കിയത്.
ഇരു നിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തിൽ ഹൈടെക്ക് ടോയ്‌ലെറ്റ് കോംപ്ലക്‌സ്, ശാസ്ത്ര, ഗണിത സാമൂഹ്യ ശാസ്ത്ര ലബോറട്ടറികൾ, കൗൺസലിംഗ് ഹാൾ, ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടർ എന്ന രീതിയിൽ നവീകരിച്ച ആധുനിക കമ്പ്യൂട്ടർ ലാബ്, സോളാർ ഇൻവെർട്ടർ പവർ സിസ്റ്റം, കവാടത്തോട് കൂടിയ ചുറ്റുമതിൽ എന്നീ പദ്ധതികളും ഇതോടൊപ്പം മന്ത്രി ഉദ്ഘാടനം ചെയ്തു.