legal
ലീഗൽ സർവ്വീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ തൊടുപുഴ മുട്ടം റോഡ് ശുചിയാക്കി സൗന്ദര്യവൽക്കരിക്കുന്നതിന് മുന്നോടിയായി വിവിധ സംഘടനകൾക്ക് സബ് ജഡ്ജ് ദിനേശൻ പിള്ള പ്രതിഞ്ജ ചൊല്ലിക്കൊടുക്കുന്നു.

തൊടുപുഴ: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ - മുട്ടം റൂട്ടിൽ വിവിധ പ്രവർത്തികൾ ഏറ്റെടുത്ത് സർക്കാർ സംവിധാനങ്ങളും ജനകീയ കൂട്ടായ്മകളും ഒന്നായി പ്രവർത്തിച്ചു. തൊടുപുഴ - മുട്ടം റൂട്ടിൽ വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾ ഇല്ലാതാക്കുക, റോഡരികിലും മറ്റും മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നതിന് പരിഹാരം കാണുക, സുരക്ഷിത യാത്ര ഒരുക്കുക, റോഡരുകിൽ പൂച്ചെടികൾ നട്ട് പിടിപ്പിച്ച് മനോഹരമാക്കുക എന്നീ ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ളയുടെ നേതൃത്വത്തിലാണ് വിവിധങ്ങളായ പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. രാവിലെ 8 ന് മ്രാല കവലയിൽ നടന്ന ഉദ്‌ഘാടന യോഗത്തിന് ശേഷം സബ് ജഡ്ജ് ദിനേശ് എം പിള്ള ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു. തൊടുപുഴ ജോ: ആർ ടി ഓ പി എ നസീർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഗാന്ധി പ്രതിമക്ക് മുമ്പില്‍ ഏവരും ചേർന്ന് പുഷ്പാര്‍ച്ചന നടത്തി. തൊടുപുഴ നഗരസഭാ ചെയർ പേഴ്സൺ സിസിലി ജോസ്, ഡിവൈ.എസ്.പി.സദനൻ കെ, മുട്ടം പഞ്ചായത്ത് പ്രസിഡൻ്റ് കുട്ടിയമ്മ മൈക്കിൾ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബിനു, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ഐ. എം.എ. പ്രതിനിധി ഡോ. കെ.സി. ചാക്കോ തുടങ്ങിയവർ ഉദ്‌ഘാടന യോഗത്തിൽ സംസാരിച്ചു.


ഒരു ദിനം ഒരുപാട് നേട്ടം

അപകടകരമായതും കാലപ്പഴക്കം ചെന്നതുമായ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു. റോഡിലെ ഇരു വശത്തെയും ഓടകൾ വൃത്തിയാക്കുകയും വശങ്ങളിലെ മൺകൂനകളും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തികളും ആരംഭിച്ചു. റോഡരികിലെ കാഴ്ച്ച മറയുന്ന കലുങ്കുകൾ കഴുകി വൃത്തിയാക്കി പെയിൻ്റിങ് നടത്തി. റോഡിൽ സൈൻ ബോർഡുകളും മ്രാല വളവിൽ കോൺ വെക്സ് കണ്ണാടിയും സ്ഥാപിച്ചു. റോഡിനിരുവശവും വർഷങ്ങളായി ഒടിഞ്ഞ് കിടന്ന തടി, വൈദ്യുതി തൂണുകൾ നീക്കം ചെയ്തു. വൈദ്യുതി തൂണുകളിൽ റിഫ്ലക്ടർ സ്ഥാപിച്ചു. മുട്ടം ബസ് സ്റ്റാന്റ് ശുചീകരിച്ച് വെയിറ്റിംഗ് ഷെഡ് കഴുകി വൃത്തിയാക്കി ഇരിപ്പിടങ്ങൾ ഉൾപ്പെടെ പെയിൻ്റിംഗും നടത്തി.