മറയൂർ: മറയൂരിൽ വീണ്ടും പുൽതൈല നിർമ്മാണം സജീവമായി.താൽക്കാലികമായി നിർമ്മാണം നിലച്ചിരുന്നത് നിലവിൽ ഉയർന്ന വിലയും ആവശ്യക്കാരും ഏറിയതോടെയാണ് പുനരാരംഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ഗുണനിലവാരമുള്ള പുൽതൈലം ഉൽപ്പാദിപ്പിച്ച് കയറ്റി അയച്ചിരുന്നതാണ് മറയൂരിൽ നിന്നും. എന്നാൽ ഇവിടെ നിന്നും ഉത്പ്പാദിപ്പിക്കുന്ന പുൽതൈലം കയറ്റുമതി നടത്തിയിരുന്ന മൊത്തക്കച്ചവടക്കാർ കൊള്ള ലാഭം ലക്ഷ്യം വച്ച് തൈലത്തിൽ മായം ചേർത്ത് അളവ് കൂട്ടി. ഇത് പിടിക്കപ്പെട്ടതോടെ ഇവിടെ നിന്നും കയറ്റി അയച്ച തൈലം പൂർണ്ണമായും തിരിച്ചയച്ചു. ഇതോടെ പുൽതൈല നിർമ്മാണവും വ്യാപാരവും പ്രതിസന്ധിയിലായി. കർഷകർ മറ്റ് മേഖലയിലേയ്ക്ക് വഴിമാറുകയും ചെയ്തു. അപൂർവ്വം ചില കർഷകരാണ് തൈല നിർമ്മാണം നടത്തിവന്നിരുന്നത്. മായമില്ലാതെ കർഷകർ പരമ്പരാഗതമായി ഉത്പ്പാദിപ്പിക്കുന്ന തൈലത്തിന് ആവശ്യക്കാരും ഏറിയതോടെ കൂടുതൽ കർഷകർ പുൽ കൃഷിയിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്.