ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡ് മികച്ച യൂത്ത് ക്ലബ്ബുകളായി തിരഞ്ഞെടുത്ത പശുപ്പാറ പീപ്പിൾസ് ക്ലബ് ആൻഡ് ലൈബ്രറി യ്ക്കും സ്‌പോർട്‌സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷൻ തൊടുപുഴയ്ക്കും 30000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും മന്ത്രി എംഎം മണി സമ്മാനിച്ചു. സ്‌കൂബാ ഡൈവിംഗ് പരിശീലന പരിപാടിയുടെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
ജില്ലയിലെ മികച്ച യുവ ക്ലബ്ബുകളായി തിരഞ്ഞെടുത്ത യുവ ക്ലബ് കുമ്മിട്ടാം കുഴിയ്ക്കും യുവ ക്ലബ് വട്ടവടയ്ക്കും 30000 രൂപ വീതം കാഷ് പ്രൈസും പ്രശസ്തി പത്രവും ഉപഹാരവും മന്ത്രി നൽകി. യുവത്വം കൃഷിയിലേക്കെന്ന പദ്ധതി പ്രകാരം ലോക്ക്ഡൗൺ കാലയളവിൽ കൃഷി നടത്തിയ യൂത്ത് ക്ലബ്ബുകൾക്കും യൂത്ത് കോർഡിനേറ്റർമാർക്കും ചടങ്ങിൽ മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. യൂത്ത് ക്ലബ്ബുകളിൽ വിങ്‌സ് ഓഫ് കാഞ്ചിയാർ ഒന്നാം സ്ഥാനവും യൂണിവേഴ്‌സൽ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് രണ്ടാം സ്ഥാനവും അമൃത വനിത യൂത്ത് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് കോർഡിനേറ്റർ വിഭാഗത്തിൽ റാണി ടി ഒന്നാം സ്ഥാനവും മുഹമ്മദ് റോഷിൻ രണ്ടാം സ്ഥാനവും ലിനു മാത്യു മൂന്നാം സ്ഥാനവും നേടി. എസ് .രാജേന്ദ്രൻ എം.എൽ.എ പങ്കെടുത്തു.