
തൊടുപുഴ: പുറപ്പുഴ പഞ്ചായത്തിലെ നെടിയശാലയിൽ തുടക്കമിട്ട ഹരിത സമൃദ്ധി വാർഡ് പദ്ധതി തൊടുപുഴ നിയോജകമണ്ഡലത്തിലുടനീളം നടപ്പാക്കുമെന്ന് പി ജെ ജോസഫ് എം.എൽഎ.ഇടവെട്ടിയിൽ ഹരിതസമൃദ്ധി വാർഡ് രൂപീകരണ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംഎൽഎ.
ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന ഹരിത സമൃദ്ധി വാർഡ് പദ്ധതി സർക്കാർ വകുപ്പുകൾ,സന്നദ്ധസംഘടനകൾ എന്നിവയുടെയൊക്കെ സഹകരണത്തോടെ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിലാകും നടപ്പാക്കുക. എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനം, ജൈവവള നിർമ്മാണം, പച്ചക്കറിക്കൃഷി, കന്നുകാലി വളർത്തൽ,മൽസ്യക്കൃഷി എന്നിവയെല്ലാം കൊണ്ടുവരികയാണ് ലക്ഷ്യം. പഴയകാല കേരളത്തിലേയ്ക്കുള്ള ആദ്യ പടിയാണിതെന്നും എം.എൽ.എ പറഞ്ഞു.നെടിയശാല വാർഡിലെ 235 വീടുകളിലും പദ്ധതി നടപ്പാക്കി.മാത്രമല്ല വിജയകരമായി തുടരുകയുമാണ്.മീൻമുട്ടി,മാർത്തോമ, ശാസ്താംപാറ വാർഡുകളിലാണ് പദ്ധതി ഇടവെട്ടി പഞ്ചായത്തിൽ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അദ്ധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്,ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി എസ് മധു,റിസോഴ്‌സ് പേഴ്‌സൺ അമലുഷാജു, ഗാന്ധിജി സ്റ്റഡി സെന്റർ പ്രോജക്ട് കോ ഓർഡിനേറ്റർ സുജിത്ര വർഗീസ്,വഴിത്തല ശാന്തിഗിരി കോളജ് എൻ എസ് എസ് കോ ഓർഡിനേറ്റർ ജയിംസ് മാത്യു,വെള്ളിയാമറ്റം സി കെ വി എച്ച് എസ് എസ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുബിൻ മാത്യു,തൊഴിലുറപ്പ് എ.ഇ. ഫർസ സലിം തുടങ്ങിയവർ സംസാരിച്ചു.