
തൊടുപുഴ: തോട്ടുങ്കര പാലത്തിന് സമീപം അപകടാവസ്ഥയിൽ നിന്നിരുന്ന വാകമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. പൊതുമരാമത്ത് ഇടുക്കി ഡിവിഷൻ പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശിഖരങ്ങൾ മുറിച്ചത്. മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് കേരള കൗമുദിയി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ. മുട്ടം - ചള്ളാവയൽ റൂട്ടിൽ തോട്ടുങ്കര പാലത്തിന് സമീപത്തുള്ള വലിയ വാകമരം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. ചെറിയ കാറ്റടിച്ചാൽ പോലും ഒടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വലിയ ശിഖരങ്ങൾ സമീപ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇവിടെയുള്ള ജനത്തിനും ഏറെ ഭീഷണി ഉയർത്തിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള വൻ മരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി റോഡിന്റെ സംരക്ഷണ ഭിത്തി ഇടിയുന്ന അവസ്ഥയാണ് നില നിന്നിരുന്നതും. മഴക്കാലം ആരംഭിച്ചതോടെ ഭിത്തി ഇടിച്ചിൽ കൂടുതലായി. ഈ അവസ്ഥ തുടർന്നാൽ മരത്തിന് സമീപത്തും തോടിന്റെ സമീപത്തുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും ഏറെ ഭീഷണിയുമായിരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി മരത്തിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മിക്ക സമയവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ ആളുകളുമുണ്ടാകും. തൊടുപുഴ, പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലേക്ക് ബസുകൾ ഉൾപ്പെടെ നിത്യവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയോരത്താണ് അപകടാവസ്ഥയിലായ മരം എന്നതും ഏറെ പ്രശ്നമായിരുന്നു.
കൂടുതൽശിഖരം മുറിക്കണം
മരത്തിന്റെ ഏതാനും ശിഖരങ്ങൾ മുറിച്ചെങ്കിലും അപകടാവസ്ഥ നിലനിൽക്കുന്നതിൽ പ്രദർശവാസികൾ ഏറെ ആശങ്കയിലാണ്. മരം പൂർണ്ണമായോ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലായിട്ടുള്ള ശിഖരങ്ങളോ അടിയന്തിരമായി മുറിച്ച് മാറ്റാൻ നടപടി ആവശ്യമാണെന്ന് പ്രദേശ വാസികളായ ദിപു വി എം, സജീവൻ ചെമ്പൻപുരയിടത്തിൽ, ഈസ ടി എച്ച്, അലിയാർ ടി എ, ഷാനവാസ് സി എം, ബാവ എന്നിവർ പറഞ്ഞു.